Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അതൃപ്തി പുകഞ്ഞ് ബിജെപി; രാജീവ് ചന്ദ്രശേഖറിനിത് ‘ഡൂ ഓര്‍ ഡൈ’ ക്ലാഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ അതുവരെയുണ്ടായിരുന്ന കണക്കുകൂട്ടലുകള്‍ ഏറ്റവുമധികം പാളിയത് ആര്‍ക്കാണെന്ന് ചോദിച്ചാല്‍ അത് ബിജെപിയാണ്. പ്രചരണത്തിന്റെ ഒരു ഘട്ടത്തില്‍ നാലോ അഞ്ചോ സീറ്റുകള്‍ വരെ നേടുമെന്ന തോന്നലുണ്ടാക്കിയതിന് ശേഷമാണ് അവസാന നിമിഷങ്ങളോടടുത്തപ്പോള്‍ ബിജെപി കലമുടച്ചത്. നിലവിലെ പ്രവചന സാധ്യതകളിലെല്ലാം ഒന്നോ, ചിലപ്പോള്‍ രണ്ടോ സീറ്റുകള്‍ നേടിയേക്കാം എന്നൊരു വിലയിരുത്തലാണ് നല്‍കുന്നത്. ഈ വീഴ്ച്ചയ്ക്ക് കാരണങ്ങള്‍ പലതുണ്ടാതകാം. എഫ്‌സിആര്‍എ ബില്‍ ആശങ്കകളും ശോഭ സുരേന്ദ്രന്റെ വോട്ടിന് പണം വിവാദങ്ങളും ചില അതിര് കടന്ന വര്‍ഗീയ പരാമര്‍ശങ്ങളുമെല്ലാം തിരിഞ്ഞുകൊത്തിയിട്ടുണ്ടാകുമെന്ന് നേതൃത്വം പോലും തിരിച്ചറിയുന്നുണ്ട്.

ഇതിനെല്ലാം പഴി കേള്‍ക്കാന്‍ പോകുന്നവരില്‍ പ്രധാനി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയെന്നത് വ്യക്തം. ഇപ്പോഴിതാ, കാര്യങ്ങള്‍ കൈവിട്ടെന്ന സ്ഥിതിയിലെത്തിയപ്പോള്‍ രാജീവ് ചന്ദ്രശേഖറിന്റെ നിലപാടുകള്‍ക്കും തീരുമാനങ്ങള്‍ക്കുമെതിരെ എതിര്‍ശബ്ദങ്ങള്‍ പതിയെ തലപൊക്കി തുടങ്ങിയിരിക്കുകയാണ്. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച്ചയോളം പിന്നിട്ടതിന് ശേഷം നടന്ന ബിജെപി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍ യോഗങ്ങളില്‍ ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. അതില്‍ പ്രധാനം ഇന്നും ഇന്നലേയും പൊട്ടിമുളച്ച് വന്ന ഘടകകക്ഷികള്‍ക്ക് അനാവശ്യ പരിഗണന കൊടുത്തെന്ന വിഷയത്തിലാണ്. ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വാരിക്കോരി നല്‍കിയതിലും സര്‍വേ നടത്തി സ്ഥാനാര്‍ഥികളെ തീരുമാനിച്ചതിലും താഴേത്തട്ടിലെ നേതാക്കള്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തുന്നത്. പ്രധാന ഘടകകക്ഷികളായ ബിഡിജെഎസും ട്വന്റി 20 യും അരാഷ്ട്രീയസംഘടനകളാണെന്ന് നിയോജക മണ്ഡല തലത്തില്‍ നടന്നുവരുന്ന വിശകലനയോഗങ്ങളില്‍ നേതാക്കള്‍ തുറന്നടിച്ചു. കോര്‍പ്പറേറ്റ് കമ്പനികളെപ്പോലെ കോഡിനേറ്റര്‍മാരെ നിയമിക്കുകയും പിരിച്ചുവിടുകയും ചെയ്യുന്ന സംവിധാനമുള്ള പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളെ ചുമക്കേണ്ടിവന്നു. ഇതെല്ലാം കാലങ്ങളായി താമര ചിഹ്നത്തില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്ക് കടുത്ത അതൃപ്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്.

ബിജെപിയുടെ കേരളത്തിലെ പരീക്ഷണങ്ങളുടെ മുഖമായിട്ടാണ് രാജീവ് ചന്ദ്രശേഖര്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ നയിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിക്കുള്ളിലെ പുകച്ചില്‍ വിരല്‍ ചൂണ്ടുന്നത് അദ്ദേഹത്തിന്റെ ‘കോര്‍പ്പറേറ്റ് ശൈലിയിലുള്ള’ രാഷ്ട്രീയ തീരുമാനങ്ങള്‍ക്കെതിരെയാണ്.

ക്രിസ്ത്യന്‍ ഔട്ട്റീച്ച് നടത്തിയതിന്റെ യാതൊരു ഫലവും തെരഞ്ഞെടുപ്പിലുണ്ടായില്ലെന്ന് പ്രാദേശിക നേതാക്കള്‍ തുറന്നടിച്ചു. ക്രിസ്ത്യാനികള്‍ക്ക് പിന്നാലെ പോയി സമയം കളഞ്ഞെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം ഇപ്പോഴും ബിജെപിക്കുള്ളിലുണ്ട്. ട്വന്റി 20 ക്ക് 19 സീറ്റ് നല്‍കിയത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ചോര കൊടുത്ത് പാര്‍ട്ടിയെ നിര്‍ണായക ശക്തിയാക്കിയ മണ്ഡലങ്ങള്‍ ആളില്ലാ പാര്‍ട്ടികള്‍ക്കു നല്‍കിയത് പ്രവര്‍ത്തകരുടെ കരള്‍ പറിച്ചെടുക്കുന്നതിനു തുല്യമായ നടപടിയായി എന്ന് പല വിലയിരുത്തല്‍ യോഗങ്ങളിലും പ്രവര്‍ത്തകള്‍ തുറന്നടിച്ചു. രാജീവ് ചന്ദ്രശേഖറിന് നേരെ തന്നെയാണ് വിരലുകളെല്ലാം ഉയരുന്നത്. അദ്ദേഹത്തിന്റെ കച്ചവട താല്‍പര്യം നിറഞ്ഞ നയങ്ങളും തീരുമാനങ്ങളുമെല്ലാം പാളിയെന്ന് തന്നെയാണ് സാധാരണ പ്രവര്‍ത്തകര്‍ക്കിടയിലെ പൊതുവികാരം.

എന്നാല്‍, ഘടകകക്ഷികള്‍ക്ക് സീറ്റുനല്‍കുന്നതു സംബന്ധിച്ച തീരുമാനമെടുത്തത് കേന്ദ്ര നേതൃത്വമാണെന്ന വിശദീകരണമാണ് യോഗങ്ങളില്‍ പങ്കെടുക്കുന്ന സംസ്ഥാന നേതാക്കള്‍ നല്‍കിയത്. പലയിടത്തും പിന്തുടര്‍ന്ന ഉത്തരേന്ത്യന്‍ മോഡലുകളും പാളിപ്പോയി. സര്‍വേയിലൂടെ സ്ഥാനാര്‍ഥികളെ കണ്ടെത്തുന്നത് കേരളത്തിനു യോജിച്ച രീതിയല്ല. ഓരോ തെരഞ്ഞെടുപ്പിലും കേരളത്തെ പരീക്ഷണശാലയായി കണക്കാക്കുകയാണ് ദേശീയനേതൃത്വമെന്ന് ചില നേതാക്കള്‍ തുറന്നു പറഞ്ഞു. ഒപ്പം മുന്നണിക്ക് പോലും നാണക്കേടുണ്ടാക്കുന്ന തരത്തില്‍ ഘടകകക്ഷികളുടെ ഭാഗത്ത് നിന്നുണ്ടായ ഭീമന്‍ അബദ്ധങ്ങളും ചര്‍ച്ചയായി. വോട്ടര്‍പട്ടികയില്‍ പേരുള്ളയാളാണോ സ്ഥാനാര്‍ഥിയെന്ന പ്രാഥമികപരിശോധന നടത്താതിരിക്കുകയും അതുമൂലം സ്ഥാനാര്‍ഥിയെ മാറ്റേണ്ടിവരികയും ചെയ്തത് നാണക്കേടായി എന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പറയുന്നത്. തങ്ങള്‍ക്ക് ഒന്നുമറിയില്ലെന്ന ക്ഷമാപണത്തോടെയാണ് ഘടകകക്ഷി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ എത്തിയതെന്നും വിമര്‍ശനമുയര്‍ന്നു.

പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയുണ്ടോയെന്നു ചോദിച്ച് ട്വന്റി 20 നേതാക്കള്‍ സെലിബ്രിറ്റികളുടെ വീടുകള്‍ കയറിയിറങ്ങുന്ന സ്ഥിതിയുണ്ടായിരുന്നു. നേരത്തേ ബിജെപി ഒഴിവാക്കിയ ചില നേതാക്കളും താരങ്ങളും പിന്നീട് ട്വന്റി 20 സ്ഥാനാര്‍ഥികളായി വന്ന് മത്സരിക്കുന്ന സ്ഥിതിയുണ്ടായി. സ്ഥാനാര്‍ഥികളില്‍ പലര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനമോ തെരഞ്ഞെടുപ്പുപ്രവര്‍ത്തനമോ അറിയില്ലായിരുന്നു എന്ന വിമര്‍ശനവും ട്വന്റി20 സ്ഥാനാര്‍ത്ഥികളില്‍ പലരേയും ലക്ഷ്യം വെച്ച് ഉയര്‍ന്നു.

എന്തായാലും ഒരു കാര്യം ഏറെക്കുറെ വ്യക്തം, കേരള ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭാവി ഒരു ‘ഡു ഓര്‍ ഡൈ’ ഘട്ടത്തിലാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിന്റെ ഭാവി പ്രധാനമായും ആശ്രയിക്കുന്നത് ഈ മൂന്ന് കാര്യങ്ങളെയാണ്. എന്‍ഡിഎ മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച സീറ്റുകളോ വോട്ട് വിഹിതമോ നേടിക്കൊടുക്കാന്‍ കഴിഞ്ഞാല്‍, കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ തന്റെ നയങ്ങളെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. പ്രത്യേകിച്ച്, ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് വോട്ടുകളായി മാറിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. ഇനി ഫലം പ്രതികൂലമായാല്‍, ‘പുറത്തുനിന്നു വന്ന നേതാവ്’ എന്ന ലേബലില്‍ പഴയകാല നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുവരും. ഒപ്പം ഉയര്‍ന്ന് വന്ന മറ്റ് വിവാദങ്ങള്‍ കൂടി അദ്ദേഹത്തിന്റെ കസേര തെറിപ്പിക്കാനുള്ള ആയുധങ്ങളായി മാറും.

കേരളത്തില്‍ ഒരു മാറ്റം ആഗ്രഹിക്കുന്ന ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറില്‍ വലിയ വിശ്വാസമാണ് അര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ സങ്കീര്‍ണ്ണമായ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ‘കോര്‍പറേറ്റ് മോഡല്‍’ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടാല്‍, കേന്ദ്രത്തിന് പോലും അദ്ദേഹത്തെ അധികകാലം സംരക്ഷിക്കാന്‍ കഴിയില്ല.

ചുരുക്കത്തില്‍, മെയ് നാലിന് പുറത്തുവരുന്ന ജനവിധി രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് വെറുമൊരു തെരഞ്ഞെടുപ്പ് ഫലമല്ല; മറിച്ച് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലനില്‍പ്പിന്റെ സാക്ഷ്യപത്രമാണ്. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, കേരള ബിജെപിയില്‍ വലിയൊരു ‘അഴിച്ചുപണിക്ക്’ അദ്ദേഹം ഇരയായേക്കാം. വിട്ടുവീഴ്ചയില്ലാത്ത രാഷ്ട്രീയ പോരാട്ടങ്ങള്‍ നടക്കുന്ന കേരളത്തില്‍, ഒരു ‘മാനേജ്മെന്റ് ശൈലി’ വിജയിക്കുമോ അതോ പരമ്പരാഗത രാഷ്ട്രീയ ശൈലിയിലേക്ക് പാര്‍ട്ടി മടങ്ങുമോ എന്നത് വരും ദിവസങ്ങളില്‍ വ്യക്തമാകും. രാജീവ് ചന്ദ്രശേഖറിനെ സംബന്ധിച്ച് ഇത് അതികായനാകാനോ അല്ലെങ്കില്‍ അപ്രസക്തനാകാനോ ഉള്ള ഒരു നൂല്‍പ്പാലമാണ് എന്നും പറയാം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix