മലപ്പുറം: പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. വൈലോങ്ങര സ്വദേശി സി. നെബു ആന്റണിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യയോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണിൽ നിന്ന് പെട്ടെന്ന് വലിയ ചൂട് അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു. പിന്നാലെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തിൽ നെബു ആന്റണിയുടെ ഇടത് കൈക്കും തുടയ്ക്കും പൊള്ളലേറ്റു. ഉടൻ സമീപത്തെ ക്ലിനിക്കിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഫോൺ പൊട്ടിത്തെറിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ പരിശോധനകൾ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.




