കോട്ടയം :സഭയുടെ കീഴിലുള്ള പള്ളികളിലെ ആഘോഷങ്ങൾ ലളിതമാക്കണമെന്നും വിശ്വാസികൾ വിവേകപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ ആഹ്വാനം ചെയ്തു.
അതിരുകടന്ന വെടിക്കെട്ടുകളിലോ മറ്റ് ആഘോഷങ്ങളിലോ അല്ല, മറിച്ച് വിശ്വാസിയുടെ ഹൃദയവിശുദ്ധിയിലാണ് വിശുദ്ധർ പ്രസാദിക്കുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്കായി കരുതിവെക്കുന്ന തുക ഉപയോഗിച്ച് അർഹരായവർക്ക് ഒരു ഭവനം നിർമ്മിച്ച് നൽകി മാതൃകയാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ബാഹ്യമായ ആഘോഷങ്ങളേക്കാൾ അപരനോടുള്ള സ്നേഹത്തിലും കരുണയിലുമാണ് ദൈവം പ്രസാദിക്കുന്നതെന്നും സഭാധ്യക്ഷൻ കോട്ടയത്ത് കൂട്ടിച്ചേർത്തു.




