കൊച്ചി: ‘സുമതി വളവ്’ സിനിമയെച്ചൊല്ലി നിർമാതാവ് മുരളി കുന്നുംപുറത്ത് നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. ഈ വിവാദം തങ്ങളുടെ ഔദ്യോഗികവും സ്വകാര്യവുമായ ജീവിതത്തെ ബാധിച്ചുതുടങ്ങിയതായി അഭിലാഷ് പറഞ്ഞു. മുരളി കുന്നുംപുറത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ താൻ അദ്ദേഹത്തെ വിളിച്ചപ്പോൾ “അബദ്ധം പറ്റിയതാണ്” എന്ന മറുപടി ലഭിച്ചതായും അഭിലാഷ് വ്യക്തമാക്കി. മുരളിയുമായി സിനിമ ചെയ്യരുതെന്ന് പലരും മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സിനിമയുടെ ബജറ്റ് സംവിധായകനോ തിരക്കഥാകൃത്തോ ഇഷ്ടപ്പെട്ട പോലെ കൂട്ടാൻ കഴിയില്ലെന്നും, മുരളിയെ നിർമ്മാതാവായി സമീപിച്ചതാണ് തങ്ങളാണെന്നും അഭിലാഷ് വ്യക്തമാക്കി. ആദ്യം വേറൊരു കഥ പറഞ്ഞതായും, പിന്നീട് തനിക്കും സംവിധായകനും 5 ലക്ഷം രൂപ വീതം അഡ്വാൻസ് നൽകിയതായും അദ്ദേഹം പറഞ്ഞു.
സിനിമയ്ക്കായി നിക്ഷേപകരെ കണ്ടെത്തിയത് തങ്ങളാണെന്നും, ഒരു കമ്പനി 6 കോടി രൂപ ബജറ്റിന്റെ പകുതി നൽകാൻ തയ്യാറായതായും അദ്ദേഹം പറഞ്ഞു. ഷൂട്ടിംഗിന് മുമ്പ് 1 കോടി രൂപ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിലെ ഒരു പ്രൊഡക്ഷൻ കമ്പനിക്കും ഈ പദ്ധതിയിൽ പങ്കുണ്ടെന്നും, അവർക്കു നൽകിയ ബജറ്റ് കണക്കിൽ 14 കോടി രൂപ കാണിച്ചിരുന്നുവെന്നും അഭിലാഷ് ആരോപിച്ചു.
സോഷ്യൽ മീഡിയയിൽ വ്യാപകമായ വിമർശനങ്ങൾ നേരിടേണ്ടി വന്നതായി പറഞ്ഞ അഭിലാഷ്, പലതവണ കണക്കുകൾ വ്യക്തമാക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു. സംസാരിക്കാൻ വരുമ്പോൾ മുരളി ഒഴിവാക്കുന്നതായും അദ്ദേഹം ആരോപിച്ചു. സിനിമ റിലീസ് പ്രതിസന്ധിയിലായപ്പോൾ മറ്റൊരു പങ്കാളിയെ കൂട്ടിച്ചേർത്തതും താനാണെന്നും, തന്റെ കൈയിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുരളി വാങ്ങിയതായും അഭിലാഷ് പറഞ്ഞു. നിർമാതാവിന്റെ ആത്മഹത്യാഭീഷണിയുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്കും അഭിലാഷ് മറുപടി നൽകി.




