വാഷിംഗ്‌ടൺ: ഇറാനുമായുള്ള സംഘർഷം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പഴക്കമുള്ള യുദ്ധനിയമം തലവേദനയാകുന്നു. കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം നടത്താൻ പ്രസിഡന്റിന് അനുവദിക്കുന്ന 60 ദിവസത്തെ സമയപരിധിയാണ് പ്രശ്നമായത്. ആദ്യം ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ട്രംപ് ഇറാനെതിരെ സൈനിക നീക്കങ്ങൾ ആരംഭിച്ചത്. എന്നാൽ ഇപ്പോൾ അതേ നിയമം തന്നെ അദ്ദേഹത്തിന് തിരിച്ചടിയായി മാറുകയാണ്.
1973ലെ വാർ പവർസ് റസല്യൂഷൻ പ്രകാരമാണ് പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നത്. ഈ നിയമം ചൂണ്ടിക്കാട്ടിയാണ് ഡെമോക്രാറ്റുകൾ ട്രംപിന്റെ നടപടികളെ ചോദ്യം ചെയ്യാൻ ശ്രമിച്ചത്. എന്നാൽ സെനറ്റിലെ റിപ്പബ്ലിക്കൻ അംഗങ്ങൾ ഈ ശ്രമങ്ങൾ തടഞ്ഞു. ഡെമോക്രാറ്റുകൾ പല തവണ വിഷയത്തിൽ നടപടി ആവശ്യപ്പെട്ടെങ്കിലും വിജയിച്ചില്ല.
കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം ആരംഭിച്ചതിനെ തുടർന്ന് ട്രംപിനെ സൈനിക നീക്കങ്ങൾ സഭയുമായി ചര്‍ച്ച ചെയ്യാൻ നിർബന്ധിതനാക്കാനും യുദ്ധ നടപടികൾ നിയന്ത്രിക്കാനുമായിരുന്നു ഡെമോക്രാറ്റുകളുടെ ശ്രമം. അതേസമയം, ഈ നിയമത്തിലെ ചില വഴികളിലൂടെ പ്രസിഡന്റിന് നിയന്ത്രണങ്ങൾ മറികടക്കാനാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.




