കോഴിക്കോട്:പന്തീരങ്കാവ് ടോൾ ബൂത്തിന് സമീപം കാറിൻ്റെ ബോണറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന വൻ മയക്കുമരുന്ന് ശേഖരം എക്സൈസ് സംഘം പിടികൂടി. വിപണിയിൽ ഏകദേശം മൂന്ന് കോടി രൂപയോളം വിലമതിക്കുന്ന എം.ഡി.എം.എയുമായി കൊണ്ടോട്ടി കച്ചേരിക്കൽ സ്വദേശി ഷഹീക്ക് പി.കെ (35), ഫാത്തിമ നെസ്റിൻ (21) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പിടിയിലായ ഫാത്തിമ നെസ്റിൻ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയയായ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറാണ്. ഇൻസ്റ്റാഗ്രാമിൽ റിലേഷൻഷിപ്പ് റീലുകളിലൂടെ പ്രശസ്തയായ ഇവർ, ലഹരി കടത്തിന് മറയായി ഈ പ്രശസ്തി ഉപയോഗിച്ചിട്ടുണ്ടോ എന്ന് എക്സൈസ് പരിശോധിക്കുന്നുണ്ട്. കാറിൻ്റെ മുൻഭാഗത്തെ ബോണറ്റിനുള്ളിൽ അതിവിദഗ്ദ്ധമായാണ് MDMA പാക്കറ്റുകൾ ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് എക്സൈസ് ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കി.


