തൃശൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെതിരെ കാപ്പ നിയമപ്രകാരം നടപടി സ്വീകരിച്ച് ജില്ലയിൽ നിന്ന് നാടുകടത്തി. പാറേമ്പാടം അഗതിയൂർ സ്വദേശിയായ ചിറ്റിലപ്പള്ളി വീട്ടിൽ കിരൺ ജാക്സൻ (28) ആണ് മൂന്ന് മാസത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശനം വിലക്കപ്പെട്ടത്.
കുന്നംകുളം, മണ്ണുത്തി പൊലീസ് സ്റ്റേഷൻ പരിധികളിൽ അടിപിടി ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളം പൊലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി നാരായണൻ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പശ്ചാത്തലത്തിലാണ് നടപടി.
അടുത്ത മൂന്ന് മാസത്തേക്ക് തൃശൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന കർശന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ക്രമസമാധാനം ഉറപ്പാക്കുന്നതിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ് ഇത്തരത്തിലുള്ള നടപടിയെന്ന് പൊലീസ് വ്യക്തമാക്കി.




