എറണാകുളം: ഐസ്എല്ലിൽ കൊച്ചിയിലെ ജവഹാര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ഒന്നിനെതിരെ രണ്ടുഗോളിന് ഒഡീഷയെ പൂട്ടി കേരളത്തിന്റെ സ്വന്തം കൊമ്പന്മാർ. ഇതോടെ തുടർച്ചയായ മൂന്നാം ജയമാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇഞ്ചറി ടൈമിൽ പകരക്കാരനായി ഇറങ്ങിയ മത്യാസ് ഹെർണാണ്ടസ് നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്‌സിന് നാടകീയ വിജയം നേടിക്കൊടുത്തത്. മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിച്ച ബ്ലാസ്റ്റേഴ്‌സ് 12-ാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ഒഡീഷ അധികം വൈകാതെ തന്നെ തിരിച്ചടിച്ചു. ആദ്യപകുതിയിൽ 1-1 ന് മത്സരം അവസാനിച്ചു.
രണ്ടാം പകുതിയിൽ ഒഡീഷ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ പരീക്ഷിച്ചു. 90+4-ാം മിനിറ്റില്‍ മത്തിയാസ് ഹെർണാണ്ടസ് മനോഹരമായ ഒരു ഹെഡറിലൂടെ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളിലേക്ക്. സ്റ്റേഡിയത്തെ ഇളക്കിമറിച്ച ഗോളോടെ ബ്ലാസ്റ്റേഴ്‌സ് വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒഡിഷ സമനിലക്കായി ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധ മതിലിൽ തട്ടി നിന്നു. നിർണ്ണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്തേക്ക് കുതിച്ചു. 11 കളിയില്‍ മൂന്നുജയവും ആറുതോല്‍വിയും രണ്ട് സമനിലയുമാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെ സമ്പാദ്യം. സീസണിലെ മോശം പ്രകടനം കാരണം ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായ മഞ്ഞപ്പട മത്സരങ്ങൾ ബഹിഷ്ക്കരിച്ചിരുന്നു. ടീമിലേക്ക് പുതിയ കോച്ച് എത്തിയതോടെ വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.




