ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിരീക്ഷണങ്ങൾ ഉണ്ടായിട്ടും തമിഴ്നാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും സമ്മാനങ്ങളും വ്യാപകമായി വിതരണം ചെയ്തതായി ആരോപണം. വിവിധ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരും അഴിമതിവിരുദ്ധ സംഘടനകളും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തെളിവുകളും പുറത്തുവിട്ടു. നിരവധി സ്ഥലങ്ങളിൽ നിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പണവും മദ്യവും പിടികൂടുകയും ചെയ്തു.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചാണ് വോട്ടർമാർക്ക് പണമോ സമ്മാനങ്ങളോ നൽകുന്നത്. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും വോട്ടർമാർക്ക് ആയിരം മുതൽ രണ്ടായിരം രൂപവരെ വിതരണം ചെയ്തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആലങ്കുളത്തെ എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി കെ.ആർ.പി. പ്രഭാകരൻ വോട്ടർമാർക്ക് പണം നൽകുന്ന രീതികളെക്കുറിച്ച് സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
മയിലാപ്പുരിലെ ഡി.എം.കെ സ്ഥാനാർഥി ഡി. വേലുവിന്റെ സഹായി സത്യമൂർത്തിയുടെ വീട്ടിൽ നിന്ന് പണം കണ്ടെത്തിയതിന്റെ ദൃശ്യങ്ങളും പ്രചരിച്ചു. തിരുമംഗലം മണ്ഡലത്തിൽ പണം വിതരണം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നു. ശ്രീവൈകുണ്ഠത്ത് കോൺഗ്രസ് സ്ഥാനാർഥി ഉർവശി എസ്. അമൃത രാജിൽ നിന്ന് 65 ലക്ഷം രൂപ ഫ്ലൈയിംഗ് സ്ക്വാഡ് പിടികൂടി. പലയിടങ്ങളിലും സമ്മാനവിതരണത്തെച്ചൊല്ലി സംഘർഷങ്ങളും റിപ്പോർട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ പ്രകാരം തമിഴ്നാട്ടിൽ മൊത്തം 599.24 കോടി രൂപയുടെ പണവും സമ്മാനങ്ങളും പിടിച്ചെടുത്തു. ഇതിൽ 100.19 കോടി രൂപയുടെ പണവും 1,17,713 ലിറ്റർ മദ്യവും 76.72 കോടി രൂപയുടെ മയക്കുമരുന്നും ഉൾപ്പെടുന്നു. കൂടാതെ 259.31 കോടി രൂപയുടെ സമ്മാനങ്ങളും 159.14 കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തു.
വോട്ടർമാർക്ക് പണം വിതരണം ചെയ്തതിന്റെ തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ ആലങ്കുളം, മയിലാപ്പുര്, തിരുമംഗലം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് അഴിമതിവിരുദ്ധ സംഘടനയായ അറപ്പോർ ഇയക്കം ആവശ്യപ്പെട്ടു.




