മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനെ തുടർന്ന് ഒമ്പത് വയസ്സുകാരിയായ മകളെ അമ്മ കിണറ്റിലേക്ക് തള്ളിയിട്ടതായി പരാതി. ചുങ്കത്തറ കൈപ്പിനി കവല പാർട്ടിക്കുന്ന് പ്രദേശത്താണ് സംഭവം. 35 റിങ്ങുകളുള്ള ആഴമേറിയ കിണറ്റിൽ വീണിട്ടും കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മകളെ കിണറ്റിലെ മീനുകൾ കാണിച്ചുതരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെട്ടെന്ന് കിണറ്റിലേക്ക് തള്ളിയെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവം കണ്ട അയൽവാസികൾ ഉടൻ തന്നെ കിണറ്റിലേക്ക് കോണി ഇറക്കിക്കൊടുത്തു. കുട്ടി അതിൽ പിടിച്ചുനിന്നു. പിന്നാലെ ബന്ധുവായ ഒരാൾ കിണറ്റിലിറങ്ങി കുട്ടിയെ ചേർത്തുപിടിച്ച് മോട്ടോർ പൈപ്പിൽ താങ്ങിനിർത്തി.
വിവരമറിഞ്ഞെത്തിയ നിലമ്പൂർ അഗ്‌നിരക്ഷാസേന കുട്ടിയെയും കിണറ്റിലിറങ്ങിയ ബന്ധുവിനെയും സുരക്ഷിതമായി പുറത്തെടുത്തു. തുടർന്ന് കുട്ടിയെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനകൾക്ക് ശേഷം വൈകിട്ടോടെ കുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.
അമ്മയ്ക്ക് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൊലപാതകശ്രമത്തിന് പോത്തുകല്ല് പൊലീസ് കേസെടുത്ത് അമ്മയെ അറസ്റ്റ് ചെയ്തു. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്ത ശേഷം കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.






