ന്യൂഡല്‍ഹി: കൊലക്കേസ് പ്രതിയുടെ അപ്പീൽ നാല് പതിറ്റാണ്ടിലേറെ നീണ്ട ശേഷം മാത്രമാണ് തീർപ്പാക്കിയതെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്രയും എ.എസ്. ചന്ദ്രുകറും അടങ്ങുന്ന ബെഞ്ചാണ് കോടതിയുടെ പ്രവർത്തനരീതിയിൽ ആശങ്ക രേഖപ്പെടുത്തിയത്.
അലഹബാദ് ഹൈക്കോടതിയിലെ കേസുകൾ കെട്ടിക്കിടക്കുന്ന സാഹചര്യം അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും, ഇത് പരിഹരിക്കാൻ എന്തുതരത്തിലുള്ള നൂതന നടപടികളാണ് സ്വീകരിക്കേണ്ടതെന്ന് ആലോചിക്കേണ്ട സമയമായെന്നും ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അഭിപ്രായപ്പെട്ടു.
1983-ൽ സ്വന്തം സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ വിജയ് സിങ്ങിന്റെ അപ്പീലാണ് സുപ്രീം കോടതി പരിഗണിച്ചത്. കേസിൽ 1985-ൽ കാൻപൂർ സെഷൻസ് കോടതി വിജയ് സിങ്ങിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.
ഈ വിധിക്കെതിരെ നൽകിയ അപ്പീൽ അലഹബാദ് ഹൈക്കോടതി പരിഗണിച്ച് തീർപ്പാക്കാൻ 41 വർഷം എടുത്തു. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിലാണ് കേസിൽ വിധി വന്നത്. ഇതാണ് സുപ്രീം കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്.






