പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് സി വൽസൻ തന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാൻ സാധ്യത. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് അവധി നൽകണമെന്ന അപേക്ഷ പാലക്കാട് നഗരസഭ കൗൺസിൽ തള്ളി.
തുടർച്ചയായി മൂന്ന് കൗൺസിൽ യോഗത്തിൽ പങ്കെടുക്കാതിരുന്നാൽ അയോഗ്യത വരും. പ്രശോഭ് അയോഗ്യനായാൽ, യുഡിഎഫ് പാലക്കാട് കൗൺസിൽ അംഗസംഖ്യ 17 ആയി കുറയും. ലൈംഗിക പീഡന പരാതിയുടെ പശ്ചാത്തലത്തിൽ കോണഗ്രസ് പാർട്ടിയടക്കം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. പ്രശോഭ് കുന്നത്തൂർമേട് വാർഡിന്റെ കൗൺസിലറായിരുന്നു.
ഇക്കഴിഞ്ഞ മാർച്ച് മാസം 27നാണ് കോൺഗ്രസ് കൗൺസിലറായിരുന്ന പ്രശോഭിനെതിരെ ലൈംഗിക പീഡന പരാതി ഉയർന്നത്. ജോലി വാഗ്ദാനം ചെയ്ത് സൗഹൃദം നടിച്ച പ്രശോഭ്, താമസസ്ഥലത്തേക്ക് അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നും ഉന്നത കോൺഗ്രസ് നേതാക്കളുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ പരാതി.
പ്രശോഭ് താന്റെ മുൻകൂർ ജാമ്യാപേക്ഷ മണ്ണാർക്കാട് കോടതിയിലും ഹൈക്കോടതിയിലും സമർപ്പിച്ചിരുന്നെങ്കിലും അനുകൂല വിധി ലഭിച്ചില്ല. ഇതോടെ മെയ് 27ന് പ്രശോഭ് ടൗൺ പൊലീസിന് കീഴടങ്ങി. അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.






