കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിലുള്ള വാക്‌പോര് ശക്തമാകുന്നു. 2026ലെ പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഇരുവരും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ കടുപ്പം പിടിക്കുകയാണ്. ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി മമത രംഗത്തെത്തിയപ്പോൾ, പരിഹാസം കലർന്ന പ്രതികരണങ്ങളുമായി അമിത് ഷായും മറുപടി നൽകി.
ബംഗാൾ തിരഞ്ഞെടുപ്പിന് ശേഷം തന്റെ ശ്രദ്ധ ഡൽഹിയിലേക്ക് തിരിക്കുമെന്നതാണ് മമതയുടെ പുതിയ പ്രസ്താവന. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ കേന്ദ്രത്തിൽ ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കുമെന്നും അവർ പറഞ്ഞു. ഇതിനെ പരിഹസിച്ച്, ബംഗാളിൽ തന്നെ തൃണമൂലിന് നിലനിൽപ്പില്ലെന്ന് ആരോപിച്ച് അമിത് ഷാ പ്രതികരിച്ചു.
കൊൽക്കത്തയിലെ ചൗരംഗി പ്രദേശത്ത് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു മമതയുടെ പ്രസ്താവന. പാർട്ടിയുടെ സ്ഥാനാർത്ഥിയും നിലവിലെ എംഎൽഎയുമായ നയന ബന്ദോപാധ്യായയ്ക്ക് വേണ്ടിയാണ് അവർ പ്രചാരണം നടത്തിയത്.
“ഞങ്ങളെ തോൽപ്പിക്കാൻ കഴിയില്ല. അനീതിക്കെതിരെ ഞങ്ങൾ പോരാടുന്നു. ഞാൻ ജനിച്ചത് ബംഗാളിലാണ്; എന്റെ അവസാന ശ്വാസവും ഇവിടെ തന്നെയായിരിക്കും. ബംഗാളിൽ വിജയം ഉറപ്പിച്ചാൽ ഡൽഹിയെയും കൈവശപ്പെടുത്തും. എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിപ്പിച്ച് അത് സാധ്യമാക്കും,” മമത പറഞ്ഞു.
അധികാരം ലക്ഷ്യമല്ല, ഡൽഹിയിൽ നിന്ന് ബിജെപിയെ പൂർണമായും പുറത്താക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു. 15 വർഷമായി മുഖ്യമന്ത്രിയായ മമത, ബിജെപിക്കായി പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ താൻ ശേഖരിച്ചിട്ടുണ്ടെന്നും ആരോപിച്ചു.
ഇതിന് മറുപടിയായി, “ഇവിടെ ഒന്നും ബാക്കിയില്ലാത്തവർ ഡൽഹിയിലേക്ക് എങ്ങനെ എത്തും?” എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.
ചൗരംഗി നിയോജകമണ്ഡലത്തിൽ ഏപ്രിൽ 29ന് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കും. ആദ്യഘട്ട വോട്ടെടുപ്പിൽ 92.8 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പുതുക്കലിനിടെ 90 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമാണ് ഈ ഉയർന്ന പങ്കാളിത്തം രേഖപ്പെടുത്തിയിരിക്കുന്നത്.




