കോഴിക്കോട്: വിൽപ്പനയ്ക്കായി കൊണ്ടുവന്ന 122.72 ഗ്രാം എം.ഡി.എം.എയും പണവും മറ്റ് ഉപകരണങ്ങളുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി. ഫറോക്ക് ചന്ത സ്വദേശി ആഷിക് വി (31), കോഴിക്കോട് മുഖദാർ സ്വദേശി മുഹമ്മദ് ആദിൽ (27), ചെറുവണ്ണൂർ മധുരബസാർ സ്വദേശി ജാസിർ എ (27), ചെറുവണ്ണൂർ കുമ്മനപാടം സ്വദേശി മുഹമ്മദ് ജാസിർ കെ.ടി (22), ഒളവണ്ണ സ്വദേശി മൻസൂർ പി.ടി (36) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക് അസിസ്റ്റന്റ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സിറ്റി ഡാൻസാഫും, നല്ലളം ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്നാണ് ചെറുവണ്ണൂർ മധുരബസാറിൽ നിന്ന് ഇവരെ പിടികൂടിയത്.
മയക്കുമരുന്ന് ഉപയോഗത്തിനായുള്ള മൂന്ന് ഗ്ലാസ് ടംബ്ലറുകൾ, ഇലക്ട്രോണിക് ത്രാസ്, മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച 10,300 രൂപ എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ചില ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതികൾ ഒത്തുകൂടാനിടയുള്ള സ്ഥലങ്ങൾ നിരീക്ഷിക്കുന്നതിനിടെയാണ് ഒരു കെട്ടിടത്തിൽ നിന്ന് മയക്കുമരുന്ന് സഹിതം പിടിയിലായത്.
ചെരിപ്പ് കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി വിൽപ്പന നടത്തിയിരുന്നത്. ഗോഡൗണായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ എം.ഡി.എം.എ ചെറിയ പാക്കറ്റുകളാക്കി ഫറോക്ക്, ബേപ്പൂർ, മാങ്കാവ്, പന്തീരങ്കാവ്, രാമനാട്ടുകര പ്രദേശങ്ങളിലെ യുവാക്കളിലും വിദ്യാർത്ഥികളിലും വിതരണം ചെയ്തിരുന്നു.
സ്കൂൾ അവധിക്കാലം ലക്ഷ്യമിട്ടാണ് ഈ ലഹരി എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ മൊത്തവ്യാപാരികളിൽ നിന്ന് 100–200 ഗ്രാം വീതം വാങ്ങി ചെറിയ അളവുകളാക്കി വിൽക്കുന്നതായിരുന്നു ഇവരുടെ രീതി. ഇതിലൂടെ ലഭിച്ച പണം ആർഭാട ജീവിതത്തിനും ലഹരി ഉപയോഗത്തിനുമായി ചെലവഴിച്ചിരുന്നതായും കണ്ടെത്തി.
യുവാക്കളും വിദ്യാർത്ഥികളും ഉപയോഗിക്കാനായി ചെരിപ്പ് ഗോഡൗണിൽ തന്നെ സൗകര്യം ഒരുക്കിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്നും, മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും ഉൾപ്പെടെ വിവിധ കേസുകളിൽ ഇവർക്കെതിരെ ഇതിനകം തന്നെ കേസുകൾ നിലവിലുണ്ടെന്നും അധികൃതർ അറിയിച്ചു.
പ്രതികളുടെ മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച് വരികയാണ്. ലഹരി എത്തിച്ച ഉറവിടവും വിതരണ ശൃംഖലയും സംബന്ധിച്ച അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
നല്ലളം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആനന്ദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത്, പൊലീസ് ഓഫീസർ സന്തോഷ് എന്നിവരോടൊപ്പം സിറ്റി ഡാൻസാഫ് സംഘാംഗങ്ങളും അന്വേഷണത്തിൽ പങ്കെടുത്തു.




