തിരുവനന്തപുരം: പാമ്പുകടിയേറ്റാൽ കനിവ് 108 ആംബുലൻസ് വഴി ആന്റി സ്നേക്ക് വെനം ലഭ്യമായ ആശുപത്രികളിലേക്ക് രോഗികളെ വേഗത്തിൽ എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കനിവ് 108 ആംബുലൻസിലെ പരിശീലനം നേടിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ പ്രഥമ ശുശ്രൂഷയും തുടർന്നുള്ള നിരീക്ഷണവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പാമ്പുകടിയേറ്റാൽ ശരിയായ സമയത്ത് ചികിത്സ ലഭിച്ചാൽ ജീവൻ രക്ഷിക്കാനാകുമെന്ന് അവർ വ്യക്തമാക്കി.
ഇപ്പോൾ സംസ്ഥാനത്ത് 146 ആശുപത്രികളിൽ ആന്റി സ്നേക്ക് വെനം ലഭ്യമാണ്. സാമൂഹികാരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും ഉൾപ്പെടെ നിരവധി ആശുപത്രികളിൽ ഈ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ആന്റി വെനം സ്റ്റോക്ക് ഉള്ള ആശുപത്രികളിലേക്ക് മാത്രമേ രോഗികളെ എത്തിക്കൂ എന്ന് ഉറപ്പാക്കും. പാമ്പുകടിയേറ്റ വിവരം ആശുപത്രിയെയും 108 സംവിധാനത്തെയും ഉടൻ അറിയിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
ആരോഗ്യ വകുപ്പ് നടത്തിയ അവലോകന യോഗത്തിൽ എല്ലാ ജില്ലകൾക്കും ആവശ്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രോട്ടോക്കോൾ അനുസരിച്ചുള്ള ചികിത്സ എല്ലാ ആശുപത്രികളും പാലിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പാമ്പുകടിയേറ്റാൽ രോഗിയെ ശാന്തനാക്കണം, ഭയം ഒഴിവാക്കണം, കടിയേറ്റ ഭാഗം അനക്കരുത്, അമിതമായി മുറുക്കി കെട്ടരുത് എന്നും നിർദേശമുണ്ട്. രോഗിയെ നടക്കിക്കാനോ ഓടിക്കാനോ അനുവദിക്കാതെ ഉടൻ ആശുപത്രിയിലേക്ക് എത്തിക്കണമെന്നും മന്ത്രി വ്യക്തമാക്കി.




