കണ്ണൂർ: വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നതിനെ തുടർന്ന് കേരളത്തിൽ രണ്ടുമാസത്തിനിടെ 222 ട്രാൻസ്ഫോർമറുകൾ കത്തി. മാർച്ചിൽ 93 ട്രാൻസ്ഫോർമറുകളും ഏപ്രിൽ 25 വരെ 129 ട്രാൻസ്ഫോർമറുകളും കത്തിയതായി റിപ്പോർട്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ട്രാൻസ്ഫോർമറുകൾ കത്തിയത് കണ്ണൂർ ജില്ലയിലാണ്. ഇവിടെ മൊത്തം 33 ട്രാൻസ്ഫോർമറുകൾ കത്തി. കണ്ണൂർ വൈദ്യുതി സർക്കിളിൽ 20ഉം ശ്രീകണ്ഠപുരം സർക്കിളിൽ 13ഉം ട്രാൻസ്ഫോർമറുകൾ നശിച്ചു.
വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിലെത്തിയതാണ് പ്രധാന കാരണം. ലോഡ് കൂടിയതോടെ ട്രാൻസ്ഫോർമറുകൾക്ക് അമിതഭാരം അനുഭവപ്പെട്ടു. 11 കെ.വി. ലൈനിൽ വൈദ്യുതി ലഭ്യത കുറയുകയും വോൾട്ടേജ് താഴുകയും ചെയ്തതോടെ ട്രാൻസ്ഫോർമറുകൾ ചൂടായി കത്തുകയായിരുന്നു.
ഒരു 100 കെ.വി.എ. ട്രാൻസ്ഫോർമറിന് 2.5 ലക്ഷം രൂപയ്ക്കും മുകളിലാണ് ചെലവ്. ഒരു 11 കെ.വി. ട്രാൻസ്ഫോർമറിന് കീഴിൽ ശരാശരി 300 മുതൽ 400 വരെ വീടുകളാണ് ആശ്രയിക്കുന്നത്. കത്തിയ ട്രാൻസ്ഫോർമറുകൾക്ക് പകരം വെക്കാൻ ആവശ്യമായ സ്റ്റോക്ക് നിലവിലുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.
ഈ മാസം പല ദിവസങ്ങളിലും വൈദ്യുതി ഉപയോഗം 5800 മെഗാവാട്ട് കവിഞ്ഞു. ഏപ്രിൽ 18-ന് 6033 മെഗാവാട്ട് എന്ന സർവകാല റെക്കോഡും രേഖപ്പെടുത്തി. ഉത്തരമലബാറിൽ വൈദ്യുതി ഉപയോഗം 900 മെഗാവാട്ട് കടന്നപ്പോൾ, അരീക്കോട്-കാഞ്ഞിരോട് ലൈനിന്റെ ശേഷി 600 മെഗാവാട്ട് മാത്രമായത് പ്രതിസന്ധി കൂടുതൽ ഗുരുതരമാക്കി.




