ജയ്പുർ: വൈഭവ് സൂര്യവംശി സെഞ്ചറി നേടിയിട്ടും രാജസ്ഥാൻ റോയൽസിന് തോൽവി. ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സീസണിലെ മൂന്നാം തോൽവിയാണു റോയൽസ് വഴങ്ങിയത്. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൺറൈസേഴ്സ് ഹൈദരാബാദ്, 18.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി.
മറുപടി ബാറ്റിങ്ങിൽ അർധ സെഞ്ചറികൾ നേടിയ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടേയും ഇന്നിങ്സുകളാണ് ഹൈദരാബാദിനു കരുത്തായത്. 31 പന്തുകൾ നേരിട്ട ഇഷാൻ കിഷൻ 74 റൺസും, 29 പന്തുകൾ നേരിട്ട അഭിഷേക് ശർമ 57 റൺസും സ്വന്തമാക്കി. നിതീഷ് കുമാർ റെഡ്ഡി (18 പന്തിൽ 36), ഹെൻറിച് ക്ലാസൻ (24 പന്തിൽ 29) എന്നിവരും ഹൈദരാബാദിനായി തിളങ്ങി. വിജയത്തോടെ പോയിന്റു പട്ടികയിൽ പത്തു പോയിന്റുമായി സൺറൈസേഴ്സ് മൂന്നാം സ്ഥാനത്തുണ്ട്. 10 പോയിന്റുള്ള രാജസ്ഥാൻ നാലാം സ്ഥാനത്തും തുടരുന്നു.




