ആലപ്പുഴ: സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പുകൾ തുടരുന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിൽ രണ്ട് സംഭവങ്ങളിലായി 32 ലക്ഷം രൂപ നഷ്ടമായി. ജോലി വാഗ്ദാനവും ഓൺലൈൻ ടാസ്‌കുകളും ചൂണ്ടിക്കാട്ടിയാണ് തട്ടിപ്പുകൾ നടന്നത്. പുന്നപ്ര തെക്ക് സ്വദേശിയായ ഒരു പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് മകൾക്ക് ഖത്തർ വിമാന സർവീസിൽ ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് 9,56,500 രൂപ തട്ടിയതായാണ് പരാതി.
സംഭവത്തിൽ കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി സ്മിതയ്ക്കെതിരെ ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. ഖത്തർ വിമാന കമ്പനിയിൽ എച്ച്‌ആർ മാനേജരാണെന്ന് വിശ്വസിപ്പിച്ച പ്രതി അസിസ്റ്റന്റ് എച്ച്‌ആർ ജോലി വാഗ്ദാനം ചെയ്ത് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റുകയായിരുന്നു. 2025 ജൂലൈ മുതൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയത്. ഫെബ്രുവരിയിൽ പ്രതിയുടെ അമ്മയ്ക്ക് മൂന്ന് ലക്ഷം രൂപ നേരിട്ട് നൽകിയതായും പരാതിയിൽ പറയുന്നു.
മറ്റൊരു കേസിൽ മുതുകുളം സ്വദേശിയായ ബാങ്ക് ജീവനക്കാരനിൽ നിന്ന് 25.02 ലക്ഷം രൂപ തട്ടിയെടുത്തു. ടെലിഗ്രാമിലൂടെ ‘ഹോട്ടൽ ടുനൈറ്റ്’ എന്ന സ്ഥാപനത്തിന്റെ പ്രതിനിധിയെന്ന പേരിൽ ബന്ധപ്പെട്ടു ഹോട്ടൽ റൂം ബുക്കിങ് സംബന്ധമായ ഓൺലൈൻ ജോലികൾ പൂർത്തിയാക്കി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. നവംബർ 29 മുതൽ ഫെബ്രുവരി 9 വരെ 21 തവണയായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു.




