ലഖ്നൌ: ഉത്തർപ്രേദേശിലെ ബുലന്ദ്ഷഹറിൽ ജന്മദിനാഘോഷത്തിനിടെ ഉണ്ടായ വാക്ക് തർക്കത്തിൽ മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടു. മുഖത്ത് കേക്ക് തേച്ചതാണ് വാക്ക് തർക്കത്തിലേക്കും പിന്നീട് കൊലപാതകത്തിലേക്കും നയിച്ചത്. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് മരണപ്പെട്ടത്. ജീതു സൈനി എന്ന യുവാവിന്‍റെ ജന്മദിന ആഘോഷത്തിനിടെ യുവാക്കൾ ജീതുവിന്‍റെ മുഖത്ത് കേക്ക് തേച്ചിരുന്നു. തുടർന്ന് ജീതു സൈനിയും കൂടെയുള്ളവരിൽ കുറച്ചു പേരും സ്ഥലത്തുനിന്ന് പോയെങ്കിലും ആയുധങ്ങളുമായി തിരിച്ചെത്തി യുവാക്കളെ കൊലപ്പെടുത്തുകയായിരുന്നു. ഏഴോ എട്ടോ ലൈസൻസുള്ള തോക്കുകളുമായാണ് ജീതുവും സംഘവും തിരിച്ചെത്തിയത്. തമാശയിൽ തുടങ്ങിയ തർക്കമാണ് വലിയൊരു കുറ്റകൃത്യത്തിലേക്ക് നീങ്ങിയത്. വെടിയേറ്റ മൂന്ന് യുവാക്കളെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.




