ദുബായ് : സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു മുകളിൽ ഹൂതികളുടെ മിസൈൽ പതിച്ചു. പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ (പിഐഎഫ്) ആസ്ഥാന മന്ദിരമാണിത്. 2 ഇന്ത്യക്കാരടക്കം 11 പേർക്കു പരുക്കേറ്റു. ഈ ആഴ്ച രണ്ടാം തവണയാണ് പിഐഎഫ് ടവറിൽ മിസൈലാക്രമണം. ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ ഈ മാസത്തെ മൂന്നാമത്തെ ആക്രമണവും.
അതേസമയം, യെമനിൽ ഹൂതി ശക്തികേന്ദ്രമായ തെക്കുപടിഞ്ഞാറൻ മേഖലയിൽ സൗദി സഖ്യസേന നടത്തിയ ബോംബാക്രമണങ്ങളിൽ 26 പേർ കൊല്ലപ്പെട്ടു. ഓടിക്കൊണ്ടിരുന്ന ട്രക്കിനും ബസിനും മുകളിലാണ് മിസൈലുകൾ വീണത്. ആക്രമണത്തിനു സൗദിയോടു പകരം ചോദിക്കുമെന്നു ഹൂതികൾ പറഞ്ഞു. സൗദിയുടെ വിങ് ലൂങ് 2 വിഭാഗത്തിൽപ്പെടുന്ന ചാര വിമാനം വെടിവച്ചിട്ടതായി ഹൂതി വക്താവ് പറഞ്ഞു.
ഹൂതികൾ വെടിവച്ചിടുന്ന സൗദിയുടെ 11ാമത്തെ വിമാനമാണിതെന്നും വ്യക്തമാക്കി. അതേസമയം, സാധാരണജനങ്ങളെ ആക്രമിച്ചതിനു പിന്നിൽ ഹൂതികളാണെന്നു സൗദിപക്ഷ യെമൻ സർക്കാർ ആരോപിച്ചു. ഹോർമുസിൽ 2 എണ്ണടാങ്കറുകൾ സ്ഫോടനത്തിൽ തീപിടിച്ചു മുങ്ങി. ഇറാൻ വച്ച കടൽബോംബിൽ ഇടിച്ചാണ് സ്ഫോടനമുണ്ടായത്. 3 ചരക്കു കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണവും ഉണ്ടായി.അതേസമയം, വൈറ്റ് ഹൗസിൽ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാനുമായി ചർച്ച നടത്തി. ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ഇറാനുമായി കരാറുണ്ടാക്കേണ്ട ആവശ്യമില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശിച്ചതിനു പിന്നാലെയാണു ഖത്തർ നേതാക്കളുമായുള്ള വാൻസിന്റെ കൂടിക്കാഴ്ച.


