കൊച്ചി: എറണാകുളത്ത് സല്യൂട്ട് നൽകിയതിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് പൊലീസുകാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കൊച്ചി സിറ്റി എആർ ക്യാമ്പിലെ എസ്ഐ ജോസ് ആന്റണിക്കെതിരെയാണ് ആരോപണം. സല്യൂട്ടിൽ ബഹുമാനം കുറഞ്ഞുവെന്ന് ആരോപിച്ച മേലുദ്യോഗസ്ഥൻ ജാതിപ്പേര് വിളിച്ച് അസഭ്യം പറയുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.
സംഭവത്തിൽ സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. പരാതി ലഭിച്ചിട്ടുണ്ടെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു. എന്നാൽ എആർ ക്യാമ്പ് മറ്റൊരു യൂണിറ്റിന് കീഴിലായതിനാൽ, ക്യാമ്പിന്റെ റിപ്പോർട്ടിങ് ഓഫീസറായ കമാൻഡന്റാണ് തുടർനടപടികൾ സ്വീകരിക്കേണ്ടതെന്നും പൊലീസ് വ്യക്തമാക്കി.


