Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഏഴിലംപാല പൂത്തു; മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ചിത്രശലഭങ്ങളുടെ വർണവിരുന്ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ഏഴിലംപാല പൂത്തതോടെ മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിൽ ചിത്രശലഭങ്ങളുടെ വർണ്ണവിസ്മയം . നീലക്കടുവ, അരളിശലഭം തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ട നൂറുകണക്കിന് ചിത്രശലഭങ്ങളാണ് പൂത്തുനിൽക്കുന്ന ഏഴിലംപാല മരങ്ങളിൽ കൂട്ടമായെത്തിയത്. മരച്ചില്ലകളിലും പൂക്കൾക്കിടയിലും കൂട്ടംകൂടിയിരിക്കുന്ന വർണശലഭങ്ങൾ ക്യാമ്പസിന് മനോഹരമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.

പ്രകൃതിസ്‌നേഹികൾക്കും വിദ്യാർഥികൾക്കും ഒരുപോലെ കൗതുകമാകുകയാണ് ഈ ശലഭവിരുന്ന്. ഏഴിലംപാല പൂക്കളുടെ സുഗന്ധവും തേനും ചിത്രശലഭങ്ങളെ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്.

തുലാവർഷത്തിന്റെ വരവോടെ പശ്ചിമഘട്ട മലനിരകളിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനം സജീവമാകാറുണ്ട്. പൂർവഘട്ടത്തിൽനിന്ന് പശ്ചിമഘട്ടത്തിലേക്ക് ദശലക്ഷക്കണക്കിന് നീലക്കടുവ, കോമൺ ക്രോ വിഭാഗങ്ങളിൽപ്പെട്ട ചിത്രശലഭങ്ങളാണ് ഈ കാലയളവിൽ സഞ്ചരിക്കുന്നത്. ദേശാടനത്തിനിടയിലെ വിശ്രമത്തിനും ഭക്ഷണം കണ്ടെത്തുന്നതിനുമായാണ് ഇവ മമ്പാട് കോളേജ് ക്യാമ്പസിലെ മരങ്ങളിൽ തമ്പടിക്കുന്നത്.

ചിത്രശലഭങ്ങളുടെ ജീവിതചക്രത്തിലും ഏഴിലംപാല പോലുള്ള സസ്യങ്ങൾക്ക് പ്രധാന പങ്കുണ്ട്. ശത്രുക്കളിൽനിന്ന് രക്ഷനേടാനും ഇണകളെ ആകർഷിക്കാനും ആവശ്യമായ ഫിറമോണുകൾ ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ആൽക്കലോയിഡുകൾ ഇത്തരം സസ്യങ്ങളിൽനിന്ന് ചിത്രശലഭങ്ങൾ ശേഖരിക്കുന്നു. അതിനാൽ പൂക്കളിൽനിന്ന് തേൻ നുകരുന്നതിനൊപ്പം അതിജീവനത്തിന് ആവശ്യമായ ഘടകങ്ങളും ഇവ സ്വന്തമാക്കുന്നുണ്ട്.

ഓരോ വർഷവും ദേശാടനകാലത്ത് ചിത്രശലഭങ്ങൾ കൂട്ടത്തോടെ എത്തുന്നത് പശ്ചിമഘട്ട മേഖലയിലെ പ്രകൃതിയുടെ സവിശേഷ കാഴ്ചകളിലൊന്നാണ്. പശ്ചിമഘട്ട താഴ്വരയോട് ചേർന്നുകിടക്കുന്ന മമ്പാട് എം.ഇ.എസ് കോളേജ് ക്യാമ്പസിന്റെ ജൈവസമ്പന്നത വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ ശലഭസാന്നിധ്യം.

ചിത്രശലഭങ്ങളുടെ വരവും ദേശാടനവും അവയുടെ സ്വഭാവസവിശേഷതകളും അടുത്തറിയാൻ കോളേജിലെ സുവോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണങ്ങളും പഠനങ്ങളും നടക്കുന്നുണ്ട്. ജൈവവൈവിധ്യ ക്ലബിന്റെയും ഭൂമിത്രസേനാ ക്ലബിന്റെയും സഹകരണത്തോടെയാണ് പഠനപ്രവർത്തനങ്ങൾ. ചിത്രശലഭങ്ങളുടെ എണ്ണം, ഇനങ്ങൾ, സസ്യങ്ങളുമായുള്ള ബന്ധം, ദേശാടനരീതികൾ എന്നിവയാണ് പ്രധാനമായും പഠനവിധേയമാക്കുന്നത്.

പ്രകൃതിയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ജൈവപ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുമെന്നതിന്റെ മനോഹരമായ ഉദാഹരണമായി മാറുകയാണ് മമ്പാട് കോളേജ് ക്യാമ്പസിലെ ഈ ചിത്രശലഭവിരുന്ന്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix