കോഴിക്കോട്: കുറ്റ്യാടിയിൽ ഒരു വീടിനുള്ളിൽ നിന്ന് അഞ്ച് വിഷപ്പാമ്പുകളെ കണ്ടെത്തി. കുറ്റ്യാടി മീത്തലെ കാപ്പുമ്മൽ രമേശിന്റെ വീട്ടിലാണ് സംഭവം നടന്നത്. അതീവ വിഷമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് വീടിന്റെ വിവിധ മുറികളിൽ നിന്നായി കണ്ടെത്തിയത്. കുട്ടികൾ ഉറങ്ങിക്കിടന്ന കിടക്കയിലാണ് ആദ്യം പാമ്പിനെ കണ്ടത്. സമയോചിതമായി കുട്ടികളെ മാറ്റിയതിനാൽ വലിയ അപകടം ഒഴിവായി.
തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് മുറികളിലും പാമ്പുകൾ ഒളിച്ചിരുന്നതായി കണ്ടെത്തുകയായിരുന്നു. ചുവരിലെ വിള്ളലുകളിലൂടെയോ വാതിലിനടിയിലൂടെയോ പാമ്പുകൾ വീടിനുള്ളിൽ പ്രവേശിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പിടികൂടിയ അഞ്ച് പാമ്പുകളെയും വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.




