കൊല്ലം: ബസുകളിൽ ‘കെ.എൽ-15’ എന്ന പേരിൽ കുടിവെള്ളം വിൽക്കാൻ കെഎസ്ആർടിസി തീരുമാനം. ഒരു കുപ്പി വെള്ളം 13 രൂപയ്ക്ക് വിൽക്കും. സംസ്ഥാന സർക്കാരിന്റെ ‘ഹില്ലി അക്വാ’ ബ്രാൻഡിലുള്ള വെള്ളമാണ് ‘കെ.എൽ-15’ എന്ന പേരിൽ ലഭ്യമാക്കുന്നത്.
ഒരു കുപ്പി വെള്ളം വിൽക്കുമ്പോൾ കണ്ടക്ടർക്കു 2 രൂപയും ഡ്രൈവർക്കു 1 രൂപയും കമ്മിഷനായി നൽകും. എന്നാൽ ഈ പദ്ധതിക്കെതിരെ തൊഴിലാളി യൂണിയനുകളും ജീവനക്കാരും രംഗത്തെത്തി. ഇതിനെ തുടർന്ന് ആദ്യഘട്ടത്തിൽ സ്വിഫ്റ്റ് ബസുകളിൽ കരാർ ജീവനക്കാരെ ഉപയോഗിച്ച് വിൽപ്പന ആരംഭിക്കാനാണ് പദ്ധതി.
കുടിവെള്ള വിൽപ്പനയ്ക്കായി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണമെന്ന നിർദേശവും നൽകിയിട്ടുണ്ട്. സ്റ്റോക്കും വിൽപ്പനയും കൃത്യമായി രേഖപ്പെടുത്തണം. കണ്ടക്ടർമാർക്ക് നൽകുന്ന കുപ്പികളുടെ വിവരങ്ങൾ ഇ.ടി.എം. വേ-ബില്ലിലും രേഖപ്പെടുത്തും. ഓൺലൈൻ വഴി സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്കും വെള്ളം നൽകാനുള്ള ആലോചനയുണ്ട്. ടിക്കറ്റിനൊപ്പം വെള്ളത്തിന്റെ വിലയും ഈടാക്കും. ഇതിലൂടെ കൂടുതൽ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ബജറ്റ് ടൂറിസം യാത്രകളിലും ഈ സൗകര്യം ഉണ്ടാകും. അതേസമയം, കണ്ടക്ടർമാരെ കൊണ്ട് വെള്ളം വിൽപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്നും ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജീവനക്കാർ പറയുന്നു. തിരക്കേറിയ ബസുകളിൽ ഇത് പ്രായോഗികമല്ലെന്നും യൂണിയനുകൾ ചൂണ്ടിക്കാട്ടി സി.എം.ഡിക്ക് പരാതി നൽകി.




