കോഴിക്കോട്: ആർ.എം.പി പ്രവർത്തകന്റെ വീട്ടിലെ കിണറിൽ മലം തള്ളിയതായി പരാതി. നാദാപുരം തൂണേരിയിലാണ് സംഭവം നടന്നത്. തൂണേരി ചെക്കായിപ്പിടികയ്ക്കു സമീപം തുമ്പോളിപ്പൊയിൽ മനോജന്റെ വീടിന്റെ കിണറിലാണ് മാലിന്യം കണ്ടെത്തിയത്. മനോജനും സഹോദരനും ഉപയോഗിക്കുന്ന കിണറിൽ നിന്നാണ് ഞായറാഴ്ച രാവിലെ വെള്ളം കോരിയെടുത്തപ്പോൾ മലിനീകരണം ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് ആശങ്കയും പ്രതിഷേധവും ഉയർന്നു. ആർ.എം.പി രൂപീകരണ കാലം മുതൽ സജീവ പ്രവർത്തകനായിരുന്ന മനോജൻ യു.ഡി.എഫിനായി പ്രവർത്തിച്ചതിന്റെ പ്രതികാരമാണെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ആരോപണം. പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




