റിയാദ്:സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുന്നത് ജനജീവിതത്തെ ബാധിക്കുന്നു. വരും മണിക്കൂറുകളിലും അൽ ജൗഫ്, റിയാദ്, ഖസീം, വടക്കൻ അതിർത്തി മേഖല, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. കനത്ത മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ മിന്നൽ പ്രളയമുണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. മഴയ്ക്കൊപ്പം പലയിടങ്ങളിലും ശക്തമായ ഇടിമിന്നലും ആലിപ്പഴ വീഴ്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് ഗതാഗത തടസ്സങ്ങൾക്കും മറ്റും കാരണമാകുന്നുണ്ടെന്നാണ് വിവരം.
മഴയ്ക്ക് പുറമെ വിവിധ പ്രവിശ്യകളിൽ ശക്തമായ പൊടിക്കാറ്റ് രൂപപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മക്ക, മദീന, അൽ ബഹ, അസീർ, ജിസാൻ, നജ്റാൻ, ഹാഇൽ, തബൂക്ക് തുടങ്ങിയ പ്രദേശങ്ങളിലാണ് പൊടിക്കാറ്റ് വീശാൻ സാധ്യതയുള്ളത്. കാറ്റും പൊടിയും കാരണം കാഴ്ച പരിധി ഗണ്യമായി കുറയുന്നതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ചെങ്കടലിലും കാലാവസ്ഥാ വ്യതിയാനം പ്രകടമാണ്. കടലിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാൻ സാധ്യതയുള്ളതായും ബാബ് അൽ മന്ദബ് കടലിടുക്ക് ഭാഗത്ത് കാറ്റ് കൂടുതൽ ശക്തമാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ സിവിൽ ഡിഫൻസ് വിഭാഗം സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ താഴ്വരകളിലേക്കോ വെള്ളക്കെട്ടുള്ള ഇടങ്ങളിലേക്കോ പോകരുതെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു. അപ്രതീക്ഷിതമായി എത്തുന്ന മിന്നൽ പ്രളയങ്ങൾ അപകടങ്ങൾ വരുത്തിവെക്കാൻ സാധ്യതയുള്ളതിനാൽ മലവെള്ളപ്പാച്ചിലുണ്ടാകുന്ന പാതകൾ ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരണമെന്നും സൗദി ഭരണകൂടം അറിയിച്ചു.




