റിയോ ഡി ജനീറോ: ലോകകപ്പ് ഫുട്ബോളിന് മുമ്പേ ബ്രസീലിന് കനത്ത തിരിച്ചടി. പ്രതിരോധക്കോട്ടയുടെ കാവല്‍ഭടന്‍ റയല്‍ മാഡ്രിഡിന്റെ എഡര്‍ മിലിറ്റാവോയ്‌ക്കേറ്റ പരിക്കാണ് ടീമിനെ പ്രതിസന്ധിയിലാക്കുന്നത്. വെറും ഒന്നരമാസത്തോളമാണ് ഇനി ലോകകപ്പിനുള്ളത്. അമേരിക്കയിലേക്ക് പറക്കുന്ന ബ്രസീല്‍ സംഘത്തില്‍ താരം ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
ബ്രസീലിനുവേണ്ടി 38 മത്സരങ്ങള്‍ കളിച്ച താരം കഴിഞ്ഞ ദിവസം റയലിന് വേണ്ടി സ്പാനിഷ് ലാലിഗ കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്. അലാവസിനെതിരായ മത്സരത്തിനിടെ കാല്‍ത്തുടയ്‌ക്കേറ്റ പരിക്കിന് ശസ്ത്രക്രിയ ആവശ്യമാണെന്നും രണ്ടുമാസത്തോളം വിശ്രമം വേണമെന്നും വിവരമുണ്ട്. ഇതോടെ താരത്തിന്റെ ലോകകപ്പ് സാധ്യതയും അടഞ്ഞു.
എന്നാല്‍ ശസ്ത്രക്രിയ ഇല്ലാതെ വിശ്രമം മാത്രം മതിയോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. ഇത് പക്ഷെ, പരിക്ക് വീണ്ടും വരാനിടയാക്കുമെന്നാണ് മെഡിക്കല്‍ സംഘം പറയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞാലും ഏറെക്കാലം വിശ്രമം വേണ്ടിവരുമെന്നും സൂചനയുണ്ട്.




