ഇടുക്കി: നാട്ടുകാരുടെ കുടിവെള്ളം ഉറപ്പാക്കാൻ സ്വന്തം ജീവൻ പണയം വെച്ച് കിണറിൽ ഇറങ്ങി വൃത്തിയാക്കി പഞ്ചായത്തംഗം. ഉപ്പുതറ പഞ്ചായത്തിലെ അംഗമായ മെറീന സനീഷ് ആണ് ഈ സാഹസിക സേവനം നടത്തിയത്. ചീന്തലാർ മൂന്നാം ഡിവിഷനിലെ പൊതുകിണറിൽ എപ്പോഴും വെള്ളമുണ്ടെങ്കിലും, കുറേക്കാലമായി അത് മലിനമായിരുന്നു. കിണർ പഴകി അപകടാവസ്ഥയിലായതിനാൽ ആരും ഇറങ്ങാൻ തയ്യാറായില്ല. ഇതോടെ നാട്ടുകാർക്ക് ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടായി.
മഴക്കാലത്തിന് മുന്നോടിയായി ഹരിത കർമ്മസേന കിണർ വൃത്തിയാക്കാൻ തീരുമാനിച്ചെങ്കിലും, ആരാണ് ഇറങ്ങുക എന്നത് പ്രശ്നമായി. ഒടുവിൽ മെറീന സനീഷ് തന്നെ കിണറ്റിലിറങ്ങി കല്ലും മണ്ണും ചെളിയും നീക്കം ചെയ്തു. ഹരിത കർമ്മസേനാംഗങ്ങളും ആശാ പ്രവർത്തകരും ചേർന്ന് ഇവ പുറത്തേക്ക് എത്തിച്ചു. നാല് മണിക്കൂർ കൊണ്ടാണ് കിണർ പൂർണമായി വൃത്തിയാക്കിയത്.
സ്വാതന്ത്ര്യത്തിന് മുൻപ് ബ്രിട്ടീഷ് കമ്പനി നിർമ്മിച്ച ഈ കിണർ ഇപ്പോൾ പീരുമേട് ടീ കമ്പനിയുടെ ഉടമസ്ഥതയിലാണ്. വർഷങ്ങളായി കമ്പനി പ്രവർത്തനം നിർത്തിയതിനാൽ കിണർ പരിപാലനം ഇല്ലാതായി, മഴക്കാലത്ത് മലിനജലം കയറി ചെളിയടിഞ്ഞ നിലയിലായിരുന്നു. മൂന്നാം ഡിവിഷനിലെ ഇരുന്നൂറോളം തൊഴിലാളി കുടുംബങ്ങൾക്കാണ് ഈ കിണർ ആശ്രയം. സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും ഇവിടെ നിന്ന് വെള്ളം കൊണ്ടുപോകുന്നുണ്ട്. നാട്ടുകാരുടെ സഹകരണത്തോടെ നടത്തിയ ഈ പ്രവർത്തനം വലിയ പ്രശംസ നേടുകയാണ്.




