ബെംഗളൂരു: ബെംഗളൂരുവിന് സമീപം രാംനഗരയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിയായ സുബിൽ പി.ടി. (37), വയനാട് സ്വദേശിയായ അജിത്ത് (36) എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം.
അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




