ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് വിമാന ടിക്കറ്റ് നിരക്ക് ഉയർന്നതോടെ വിദേശയാത്രകൾ കുറയുകയും ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് വർധിക്കുകയും ചെയ്തു. മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ പലരും റദ്ദാക്കിയതായി റിപ്പോർട്ട്. കേരളത്തിൽ നിന്ന് മലേഷ്യയിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ് നിരക്ക് 14,000 രൂപയിൽ നിന്ന് 30,000 രൂപയായി ഉയർന്നു. തായ്‌ലൻഡിലേക്കുള്ള നിരക്ക് 30,000 രൂപയിൽ നിന്ന് 42,000 രൂപയിലേക്കും വർധിച്ചു.
ഇതോടെ അവധിക്കാല യാത്രകൾ പലരും ഉപേക്ഷിക്കുകയും, പകരം കേരളത്തിലും സമീപ സംസ്ഥാനങ്ങളിലുമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഗ്രൂപ്പ് യാത്രകൾ റദ്ദായതോടെ ടൂർ ഓപ്പറേറ്റർമാർക്കും നഷ്ടമുണ്ടായി. മുൻകൂട്ടി പാക്കേജ് എടുത്തവർക്ക് പഴയ നിരക്കിൽ യാത്ര നടത്താൻ സാധിച്ചെങ്കിലും മറ്റുചിലർ ഉയർന്ന ചെലവ് കാരണം യാത്ര മാറ്റിവെച്ചു. പലരും തണുപ്പുള്ള പ്രദേശങ്ങൾ തേടി മൂന്നാർ, വാഗമൺ, ഊട്ടി തുടങ്ങിയ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര തിരിച്ചു. ഇതോടെ ഈ സ്ഥലങ്ങളിൽ തിരക്ക് വർധിച്ചതായി ടൂർ ഓപ്പറേറ്റർമാർ പറയുന്നു.
വിമാന ടിക്കറ്റ് നിരക്ക് ഉയർന്നത് കേരളത്തിലേക്കുള്ള വിദേശ സഞ്ചാരികളുടെ എണ്ണത്തെയും കുറച്ചു. ഇത് റിസോർട്ടുകളുടെ വരുമാനത്തെ ബാധിച്ചതായി റിപ്പോർട്ടുണ്ട്. കൂടാതെ ചൂട് കൂടിയതോടെ ബീച്ച് ടൂറിസവും മന്ദഗതിയിലായിരിക്കുകയാണ്.




