തിരുവനന്തപുരം: ചെങ്കല്‍ വ്‌ളാത്താങ്കരയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്ന സംഭവത്തിനു പിന്നില്‍ സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗവും കാരണമായെന്ന് പൊലീസ്. വ്‌ളാത്താങ്കര ഗോപിനാഥ മന്ദിരത്തില്‍ അല്‍മ (32) വെട്ടേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് വിഷ്ണുനാഥിന്റെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യമുള്ളത്. വിവാഹത്തിനു ശേഷം അല്‍മയുടെ സോഷ്യല്‍ മീഡിയ ഉപയോഗം പരിധി വിട്ടതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു.
അല്‍മ എപ്പോഴും ഫോണില്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കം പതിവായിരുന്നു. ഇതിന്റെ പേരില്‍ വിഷ്ണുവിന് ഭാര്യയെ സംശയവുമുണ്ടായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയും ഇരുവരും തര്‍ക്കമുണ്ടായി. പിന്നാലെ ബെഡ് റൂമില്‍ വച്ച് വിഷ്ണു അല്‍മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പത് വര്‍ഷം മുന്‍പ് പ്രണയവിവാഹിതരായ ഇവര്‍ക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. ഇതിന്റെ പേരിലും അസ്വാരസ്യമുണ്ടായിരുന്നു.






