ആണവായുധങ്ങൾ പൂർണമായും ഇല്ലാതാക്കുക വഴി മാത്രമേ ലോകത്തിനും മിഡിൽ ഈസ്റ്റ് മേഖലയ്ക്കും സുസ്ഥിരമായ സുരക്ഷ ഉറപ്പാക്കാൻ സാധിക്കൂ എന്ന് സൗദി അറേബ്യ വ്യക്തമാക്കി. ആണവായുധ വ്യാപന നിരോധന കരാറിന്റെ (NPT) ഭാഗമായി നടന്ന അവലോകന സമ്മേളനത്തിലാണ് സൗദിയുടെ യുഎൻ പ്രതിനിധി അബ്ദുൽ അസീസ് അൽ വാസിൽ രാജ്യത്തിന്റെ ശക്തമായ നിലപാട് അറിയിച്ചത്.
മിഡിൽ ഈസ്റ്റ് മേഖലയെ ആണവായുധങ്ങളിൽ നിന്ന് മുക്തമാക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, ഇസ്രായേൽ ഈ കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിക്കുന്നത് മേഖലയുടെ സമാധാന നീക്കങ്ങൾക്ക് വലിയ തടസ്സമാകുന്നുവെന്ന് സൗദി കുറ്റപ്പെടുത്തി. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമാണെന്ന് തെളിയിക്കണമെന്നും, അതിനായി അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി (IAEA) പൂർണ്ണമായി സഹകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. അയൽരാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതെ പ്രാദേശിക സുരക്ഷയെ ബഹുമാനിക്കാൻ ഇറാൻ തയ്യാറാകണമെന്നും സൗദി വ്യക്തമാക്കി.
അതേസമയം, ഓരോ രാജ്യത്തിനും തങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജ്ജം സമാധാനപരമായ രീതിയിൽ ഉപയോഗിക്കാൻ അവകാശമുണ്ടെന്നും, അത്തരം സാങ്കേതിക വിദ്യകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തരുതെന്നും സൗദി അറേബ്യ ഊന്നിപ്പറഞ്ഞു.




