റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ ശക്തമായി തുടരുന്നു. ഏപ്രിൽ 16 മുതൽ 22 വരെ നടത്തിയ വ്യാപക പരിശോധനയിൽ 20,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ഇവരിൽ 6,606 പേർ താമസ നിയമങ്ങൾ ലംഘിച്ചവരും 3,510 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തവരും 2,076 പേർ തൊഴിൽ നിയമലംഘനം നടത്തിയവരുമാണ്.
അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,454 പേരെയും സുരക്ഷാസേന പിടികൂടി. ഇതിൽ 67 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും 32 ശതമാനം പേർ യമനികളുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 50 പേരും നിയമലംഘകർക്ക് സഹായം നൽകിയ 22 പേരും പിടിയിലായി.
നിലവിൽ 33,223 പ്രവാസികൾ വിവിധ നിയമനടപടികൾ നേരിടുകയാണ്. ഇതിൽ 17,368 പേരെ ഇതിനോടകം നാടുകടത്തിയതായി അധികൃതർ വ്യക്തമാക്കി. ശേഷിക്കുന്നവരെ യാത്രാ രേഖകൾ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.




