ന്യൂഡൽഹി: ഐപിഎൽ മത്സരത്തിനിടെ ഡ്രസ്സിങ് റൂമിൽ ഇ-സിഗരറ്റ് ഉപയോഗിച്ച സംഭവത്തിൽ റിയാൻ പരാഗ്നെതിരെ നടപടി എടുത്ത് ബിസിസിഐ. ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് താരത്തിന് മാച്ച് ഫീസിന്റെ 25 ശതമാനം പിഴയായി വിധിച്ചു. പരാഗ് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് നടപടി.
ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പഞ്ചാബിനെ തോൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 16-ാം ഓവറിനിടെ ഡ്രസ്സിങ് റൂമിൽ നിന്ന് പരാഗ് ഇ-സിഗരറ്റ് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 14-ാം ഓവറിൽ പുറത്തായതിന് പിന്നാലെയാണ് താരം ഇ-സിഗരറ്റ് ഉപയോഗിച്ചത്. മത്സരത്തിൽ 16 പന്തിൽ നിന്ന് 29 റൺസാണ് പരാഗ് നേടിയിരുന്നത്.
ഇതിന് മുമ്പ് ഡഗൗട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ടീം മാനേജർ റോമി ഭിന്ദറിനെതിരെയും നടപടി എടുത്തിരുന്നു. ഒരു ലക്ഷം രൂപ പിഴയും താക്കീതും നൽകിയിരുന്നു. അതിന് പിന്നാലെയാണ് രാജസ്ഥാൻ നായകനും ശിക്ഷ നേരിടുന്നത്.




