കൊച്ചി: പുതിയ ഹൃദയത്തിന്റെ സ്പന്ദനവുമായി ആമി (അമാന മെഹനാസ്, 14) വീണ്ടും പഠനലോകത്തേക്ക് തിരികെയെത്തുന്നു. ദുബായിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമാന, എറണാകുളം ലിസി ആശുപത്രിയിൽ നടത്തിയ വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ശേഷം ഡിസ്ചാർജ് ചെയ്തു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
മസ്തിഷ്ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതുജീവൻ നൽകിയിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഹൃദയരോഗം കണ്ടെത്തിയത്. ഹൃദയത്തിന്റെ വലതുഭാഗത്തെ അറകൾ അസാധാരണമായി വലുതാകുന്ന രോഗമായിരുന്നു. മരുന്നുകൾ കൊണ്ട് വർഷങ്ങളോളം ചികിത്സ തുടർന്നെങ്കിലും ആരോഗ്യനില മോശമായതോടെ ഹൃദയം മാറ്റിവയ്ക്കൽ മാത്രമാണ് പരിഹാരമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
തുടർന്ന് ലിസി ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തി. കഴിഞ്ഞ മാസം സംസ്ഥാന സംവിധാനമായ കെ-സോട്ടോയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഹൃദയം വേഗത്തിൽ ലഭിക്കാനുള്ള സാധ്യത തേടി ചെന്നൈയിലേക്ക് പോയിരുന്നു. ഏപ്രിൽ 8-ന് രാത്രിയോടെ അവയവദാന വിവരം ലഭിച്ചതിനെ തുടർന്ന് അമാനയുടെ മാതാപിതാക്കളെ അറിയിച്ചു. തുടർന്ന് അവർ വിമാനമാർഗം ചെന്നൈയിൽ നിന്ന് രാവിലെ ലിസി ആശുപത്രിയിലെത്തി.
ഏപ്രിൽ 9-ന് പുലർച്ചെ മെഡിക്കൽ സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു ഹൃദയം ശേഖരിച്ചു. തുടർന്ന് സർക്കാർ ഒരുക്കിയ ഹെലികോപ്റ്ററിൽ ഉച്ചയോടെ ഹൃദയം കൊച്ചിയിലെത്തി. അവിടെ നിന്ന് പോലീസ് ഒരുക്കിയ ഗ്രീൻ കോറിഡോർ വഴി മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. വൈകിട്ട് 5.30ഓടെ പുതിയ ഹൃദയം സ്പന്ദിച്ചു തുടങ്ങി. രാത്രി 9ഓടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.
അമാനയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഉടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനും പഠനം തുടരാനും കഴിയുമെന്ന് ഡോക്ടർമാർ അറിയിച്ചു. നിരവധി ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘമാണ് ശസ്ത്രക്രിയയും തുടർചികിത്സയും വിജയകരമാക്കിയത്.
അമാനയുടെ ആഗ്രഹം ഒരു ഹൃദയവിദഗ്ധയായി മാറുന്നതാണെന്നും അതിന് സാധിക്കട്ടെയെന്നും ആശുപത്രി ഭരണസമിതി ആശംസിച്ചു. അവയവദാനത്തിന് തയ്യാറായ ജയിയുടെ കുടുംബത്തിന് അമാനയും കുടുംബവും നന്ദി അറിയിച്ചു. ഹെലികോപ്റ്റർ സൗജന്യമായി ഒരുക്കിയ സംസ്ഥാന സർക്കാരിനും, പോലീസിനും, ആംബുലൻസ് ജീവനക്കാർക്കും പ്രത്യേക നന്ദിയും രേഖപ്പെടുത്തി.
ലിസി ആശുപത്രിയിൽ നടന്ന 32-മത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഇതിൽ ഒൻപത് തവണ ഹൃദയം വ്യോമമാർഗം കൊണ്ടുവന്നിട്ടുണ്ട്. ഈ സേവനം സർക്കാർ പൂർണ്ണമായും സൗജന്യമായാണ് നൽകിയത്.




