തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ കാലവർഷം ഈ മാസം 18നും 25നും ഇടയിൽ കേരള തീരത്ത് എത്താൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണയായി ജൂൺ ഒന്നിനോടടുത്താണ് കാലവർഷം എത്താറുള്ളത്. ഇത്തവണ വേനൽമഴ ഈ മാസം പകുതിയോടെ ശക്തമാകാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന താപനില തുടരുന്നതിനാൽ അന്തരീക്ഷത്തിൽ പെട്ടെന്ന് മാറ്റങ്ങൾ ഉണ്ടാകാം.
ചൂട് കൂടുതലായതിനാൽ വായു മുകളിലേക്ക് ഉയർന്ന് സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് കരയിലേക്ക് വേഗത്തിൽ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് കാലവർഷം നേരത്തേ എത്താൻ കാരണമായി പറയുന്നത്. കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം ശക്തമായ കാറ്റിനും മിന്നലിനും അതിതീവ്ര മഴയ്ക്കും കാരണമാകാമെന്ന് മുന്നറിയിപ്പുണ്ട്.
അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലായി നിലനിൽക്കുന്നതും ശക്തമായ മഴയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. അതേസമയം, ഇത്തവണ രാജ്യത്ത് ലഭിക്കുന്ന മൊത്തം മഴയുടെ അളവ് സാധാരണത്തേക്കാൾ കുറയാമെന്ന ആശങ്കയും കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തി.






