കോഴിക്കോട്: കൊയിലാണ്ടി നന്തി ബസാറിൽ മോഷണത്തിനിടെ കള്ളൻ വീട്ടിലെ കിണറ്റിൽ വീണു. രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് കിണറ്റിൽ ഒരാളെ കണ്ടെത്തിയത്. അസം സ്വദേശിയായ അഗസ്റ്റിൻ ബിർല എന്നയാളാണ് കിണറ്റിൽ വീണത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് സ്ഥലത്തെത്തി ഇയാളെ രക്ഷപ്പെടുത്തി പുറത്തെടുത്തു. തുടർന്ന് കൊയിലാണ്ടി പൊലീസ് കേസെടുത്തു.
നന്തി ബസാറിലെ കോവുമ്മൽ കുഞ്ഞബ്ദുള്ളയുടെ വീട്ടിലാണ് സംഭവം. രാവിലെ വീട്ടമ്മ മുറ്റമടിക്കുന്നതിനിടെ കിണറിന്റെ ഗ്രില്ല് നീങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പിന്നീട് പരിശോധിക്കുമ്പോഴാണ് കിണറ്റിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഏകദേശം 10 കോലോളം ആഴമുള്ള കിണറാണിത്. തുടർന്ന് നാട്ടുകാരെയും ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. രക്ഷാസംഘം റെസ്ക്യൂ വല ഉപയോഗിച്ച് ഇയാളെ പുറത്തെടുത്തു.
കുളിമുറി വഴി മുകളിലത്തെ നിലയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. വൈദ്യപരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളെ ചോദ്യം ചെയ്യും. മുൻപ് ഇയാൾക്കെതിരെ മോഷണക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.




