തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീട്ടുകിണറ്റിൽ നിന്ന് സംശയാസ്പദ സാഹചര്യത്തിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തി. പ്ലാസ്റ്റിക് ചാക്കിൽ കല്ല് കെട്ടി താഴ്ത്തിയ നിലയിലാണ് ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്നയാളാണ് കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്.
കിണറ്റിൽ വെള്ളം കുറഞ്ഞതിനാൽ വെള്ളം കോരാൻ ശ്രമിക്കുന്നതിനിടെ കല്ല് കെട്ടിയ പ്ലാസ്റ്റിക് ചാക്ക് ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചാക്കിനുള്ളിൽ ആറ് അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ ആരംഭിച്ചു.
കണ്ടെത്തിയ അസ്ഥികൾ മനുഷ്യന്റേതാണോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇത് ഉറപ്പുവരുത്താൻ ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് പോലീസ് അറിയിച്ചു. വീട് വാടകയ്ക്ക് നൽകിയതിനാൽ, മുൻപ് ഇവിടെ താമസിച്ചിരുന്നവരെക്കുറിച്ചും പ്രദേശത്ത് ആരെങ്കിലും കാണാതായിട്ടുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




