ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം തുടരുന്നതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ ഉടൻ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ എണ്ണ കമ്പനികൾക്ക് നഷ്ടം കൂടുന്നതായും റിപ്പോർട്ടുകളുണ്ട്.
ഈ ആഴ്ച അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ വരെ എത്തിയിരുന്നു. ഇപ്പോൾ ചെറിയ തോതിൽ കുറഞ്ഞെങ്കിലും 110 ഡോളറിന് മുകളിലാണ് വില തുടരുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണവും അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾ തടസ്സപ്പെടുന്നതും ഇതിന് പ്രധാന കാരണങ്ങളാണ്.
ഇന്ധനവില ഉയർന്നാൽ ഗാർഹിക എൽപിജി വിലയും കൂടാൻ സാധ്യതയുണ്ട്. ഇതിനകം വാണിജ്യ എൽപിജി സിലിണ്ടറിന് (19 കിലോ) 993 രൂപ വർധിപ്പിച്ചിട്ടുണ്ട്. കൂടാതെ വ്യാവസായിക ഡീസൽ, 5 കിലോ എൽപിജി, വിമാന ഇന്ധനം എന്നിവയുടെ വിലയും കൂട്ടിയിട്ടുണ്ട്.
ഒരു ആഴ്ചയ്ക്കുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ ഏകദേശം 5 രൂപയും ഗാർഹിക എൽപിജിക്ക് 50 രൂപയും വർധിക്കാമെന്നാണു റിപ്പോർട്ടുകൾ. 2022 ഏപ്രിൽ മുതൽ ഇന്ധനവിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു.
അതേസമയം, പൊതുമേഖലാ എണ്ണ കമ്പനികൾക്ക് പെട്രോളിൽ ലിറ്ററിന് ഏകദേശം 20 രൂപയും ഡീസലിൽ 100 രൂപവരെ നഷ്ടമുണ്ടാകുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. നേരത്തെ വില വർധനയില്ലെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ അത് തള്ളിക്കളയാനാവില്ലെന്നാണ് പുതിയ സൂചന.




