പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പ് ഫലമറിയുന്നതിന് രണ്ട് ദിവസം ബാക്കി നിൽക്കേ പട്ടാമ്പിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി പി ഷാജിയെ നിയുക്ത എംഎൽഎ എന്ന് വിശേഷിപ്പിച്ച് ഫ്ലക്സ് ബോർഡ് ഉയർന്നു. പട്ടാമ്പിയില്‍ യുഡിഎഫ് ജയിക്കും, കേരളം യുഡിഎഫ് ഭരിക്കും, പട്ടാമ്പിയുടെ നിയുക്ത എംഎൽഎ ടിപി ഷാജിക്ക് അഭിവാദ്യങ്ങൾ എന്നാണ് ഫ്ലക്സ് ബോർഡുകളിൽ എഴുതിയിരിക്കുന്നത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ യുഡിഫിനായി ഇത്തരത്തിൽ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു.
കഴിഞ്ഞ ദിവസം ചെർക്കള നഗരത്തിലും കൂറ്റൻ ബോർഡ് ഉയര്‍ന്നിരുന്നു. വിഡി സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചും ഫ്ലക്സ് ബോർഡ് ഉയര്‍ന്നിരുന്നു. മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിലാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. ബോർഡ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകം എടുത്തുമാറ്റിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഫ്ലക്സ് വച്ചതിൽ കോൺഗ്രസിലെ ഒരുവിഭാഗത്തിന് അതൃപ്തിയുണ്ട്.




