മലപ്പുറം: വാൽപ്പാറ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. ദുരന്തത്തിൽ മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകുമെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇൻഷുറൻസ് പരിരക്ഷയില്ലാത്തവരുടെ കുടുംബങ്ങൾക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഈ സഹായം നൽകുന്നത്. സ്കൂൾ ബസ് ഡ്രൈവർ നൗഷാദ് അലി, പാചകത്തൊഴിലാളി സാജിദ, റുഖിയ, ഷക്കീല, വിദ്യാർത്ഥി മുഹമ്മദ് ഹിഷാം എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ വഹിക്കും. അധ്യാപികയുടെ മകൻ മുഹമ്മദ് ഷഹാദിൻ, മറ്റൊരു അധ്യാപികയുടെ മകൾ മസ്നീൻ, ഡ്രൈവർ മുഹമ്മദ് ഫാഹിസ് എന്നിവരുടെ ചികിത്സയ്ക്ക് ആവശ്യമായ തുക നൽകും. ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഇൻഷുറൻസ് തുകയ്ക്ക് പുറമെ അധികമായി ഉണ്ടായ ചികിത്സാ ചെലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകുമെന്നും സർക്കാർ അറിയിച്ചു.




