കൊച്ചി: മാജിക് പ്രമേയമായി ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൗഡിനി – ദി കിംഗ് ഓഫ് മാജിക്” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ശ്രദ്ധേയമാകുന്നു. ചിത്രത്തിൽ ആസിഫ് അലി ശക്തമായ പ്രകടനം കാഴ്ചവെക്കുന്നതായാണ് പോസ്റ്റർ നൽകുന്ന സൂചന.
മാജിക്കിനൊപ്പം ആക്ഷനും ഇമോഷനും പ്രധാനമായുള്ള കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ പ്രജേഷ് സെൻ അറിയിച്ചു. ജി. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം, അദ്ദേഹത്തിന്റെ മുൻകാല ഹിറ്റുകളായ ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ, ദി സീക്രട്ട് ഓഫ് വിമൻ എന്നിവയ്ക്ക് ശേഷമാണ് എത്തുന്നത്.
ബ്ലൂ ഹിൽ നൈലിന്റെ ബാനറിൽ ജോബി പി. സാം ആണ് ചിത്രം നിർമിക്കുന്നത്. പ്രജേഷ് സെൻ മൂവി ക്ലബ്ബ് സഹനിർമാണം നിർവഹിക്കുന്നു. സിനിമാറ്റോഗ്രാഫി നൗഷാദ് ഷെരീഫ്, എഡിറ്റിംഗ് ബിജിത് ബാല, ആർട്ട് ത്യാഗു തവനൂർ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.
സംഗീത സംവിധാനം ബിജിബാൽ നിർവഹിക്കുന്നു. “ആകാശമായവളേ…” എന്ന ഗാനത്തിലൂടെ ശ്രദ്ധ നേടിയ നിധീഷ് നടേരിയാണ് ഗാനരചന. വെള്ളം എന്ന ചിത്രത്തിന് ശേഷം പ്രജേഷ് സെൻ–ബിജിബാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതും പ്രത്യേകതയായി കാണപ്പെടുന്നു.
അന്തരിച്ച പ്രശസ്ത നാടക സംവിധായകൻ പ്രശാന്ത് നാരായണനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
മേക്കപ്പ്, വസ്ത്രാലങ്കാരം, സൗണ്ട് ഡിസൈൻ, വി.എഫ്.എക്സ് ഉൾപ്പെടെ വലിയ ടെക്‌നിക്കൽ ടീമാണ് ചിത്രത്തിനായി പ്രവർത്തിക്കുന്നത്. മാജിക് കൊറിയോഗ്രാഫി സമീർ കൈകാര്യം ചെയ്യുന്നു. പി.ആർ.ഒ ജോലികൾ വാഴൂർ ജോസും ആതിര ദിൽജിത്തും നിർവഹിക്കുന്നു.




