തിരുവനന്തപുരം: കാട്ടാക്കടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ട്യൂഷൻ സെന്ററിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ചു. കള്ളിക്കാട് മൈലക്കര സ്വദേശി രാജേന്ദ്രനെയാണ്(58) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേശ് കുമാർ ശിക്ഷിച്ചത്.
പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നു കോടതി നിർദ്ദേശിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഏഴ് മാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴത്തുക മതിയായതല്ലെന്നതിനാൽ കൂടുതൽ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.
കെ.എസ്.ആർ.ടി.സി.യിൽ നിന്ന് വിരമിച്ച പ്രതി കള്ളിക്കാട് സ്വകാര്യ ട്യൂഷൻ സെന്റർ നടത്തിവരികയായിരുന്നു. 2024ൽ പ്ലസ് ടു പരീക്ഷാ പരിശീലനത്തിന് എത്തിയ വിദ്യാർത്ഥിനിയെ പ്രതി പലതവണ പീഡിപ്പിച്ചതായാണ് കേസ്. കുട്ടി സംഭവം മാതാവിനോട് വെളിപ്പെടുത്തിയതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
മറ്റ് കുട്ടികളെയും പ്രതി ഉപദ്രവിച്ചതായി കോടതി വിചാരണയിൽ മൊഴി നൽകിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.ആർ. പ്രമോദ് കേസിൽ ഹാജരായി. നെയ്യാർ ഡാം എസ്.എച്ച്.ഒ രജീഷ് കുമാർ, എസ്.ഐ സജി ജി.എസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.




