തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് ആഡംബര കാറിൽ കഞ്ചാവ് കടത്തിയ യുവാവിനെ പോലീസ് പിടികൂടി. കുറ്റിച്ചൽ മണ്ണൂർകര സ്വദേശിയായ പ്രശാന്ത് (38) ആണ് അറസ്റ്റിലായത്. ഏഴര കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ചാക്കുകളിൽ നിറച്ച് കാറിന്റെ സീറ്റിന് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്.
ശനിയാഴ്ച രാവിലെ 11 മണിയോടെ അതിർത്തിക്ക് സമീപമുള്ള ആറാട്ടുകുഴിയിൽ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. പരിശോധനയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ച പ്രശാന്ത് കാർ നിർത്താതെ ഓടിച്ചുപോയി. തുടർന്ന് പോലീസ് സംഘം പിന്നാലെ വന്ന ടിപ്പർ ലോറിയിൽ കാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സിനിമ നിർമ്മാണ മേഖലയിലെ തൊഴിലാളിയായ പ്രശാന്ത് മുൻപും പല തവണ അതിർത്തി വഴി കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിരുവനന്തപുരം റൂറൽ എസ്.പി.യുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അറസ്റ്റിലായ പ്രശാന്തിനെ കോടതി റിമാൻഡ് ചെയ്തു.




