അഗർത്തല: പ്രായപൂർത്തിയാകാത്ത പേരക്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുത്തച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. 70 വയസ്സുകാരനായ പ്രാൻബല്ലഭ് ദാസിനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ത്രിപുരയിലെ അഗർത്തലയിലാണ് സംഭവം.
ഏപ്രിൽ 30നാണ് പെൺകുട്ടിയുടെ മൃതദേഹം വീട്ടിൽ നിന്ന് കണ്ടെത്തിയത്. മുത്തച്ഛന്റെ വീട്ടിൽ താമസിച്ചിരുന്ന പെൺകുട്ടി പലതവണ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് വ്യക്തമാക്കി.
ബെംഗളൂരുവിലെ ഒരു സുരക്ഷാ ഏജൻസിയിൽ ജോലി ചെയ്തിരുന്ന പിതാവ് മകളുടെ മരണവാർത്ത അറിഞ്ഞാണ് നാട്ടിലെത്തിയത്. പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
പെൺകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തിങ്കളാഴ്ച ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. റിപ്പോർട്ട് പുറത്തുവന്നാൽ കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്ന് അധികൃതർ പറഞ്ഞു. കേസിൽ അന്വേഷണം തുടരുകയാണ്.




