തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയിയുടെ പ്രതികരണം. നഗരസഭയില്‍ നടന്നത് സമാധാനപരമായ പ്രതിഷേധമായിരുന്നുവെന്നും മേയര്‍ പൊലീസുകാരെ ഉള്‍പ്പെടെ ചവിട്ടി മെതിച്ചാണ് ഓഫീസിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കൗണ്‍സിലര്‍ സിന്ധു ശശിക്ക് തലയില്‍ പരിക്കേറ്റ് ഏഴ് സ്റ്റിച്ചുകള്‍ ഇട്ടിട്ടുണ്ടെന്നും അവര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും വി ജോയ് പറഞ്ഞു. കൗണ്‍സിലര്‍ വീണയ്ക്ക് കാല് പൊട്ടിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ മാധ്യമങ്ങള്‍ എല്‍ഡിഎഫിന് വേണ്ടത്ര പിന്തുണ നല്‍കിയില്ലെന്നും സംഭവങ്ങള്‍ രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം മുന്‍ മന്ത്രി വി ശിവന്‍കുട്ടിയും ഭരണസമിതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചു. നഗരസഭ ഭരണസ്തംഭനത്തിലാണെന്നും തെരുവുനായ ശല്യവും മാലിന്യ പ്രശ്നവും പരിഹരിക്കപ്പെടാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്നും ശിവന്‍കുട്ടി ആരോപിച്ചു.
സിപിഐഎം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എസ് ദീപക് സമരം സമാധാനപരമായിരുന്നുവെന്നും ആരെയും തടഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. മറുവശത്ത് ബിജെപി നേതൃത്വത്തില്‍ ആക്രമണമുണ്ടായെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നഗരസഭയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാതെ ‘ഷോ ഓഫ്’ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




