കണ്ണൂർ: കുഴിമന്തി കഴിച്ച മൂന്ന് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ പാനൂരിലെ ഹോട്ടൽ ആരോഗ്യവകുപ്പ് പൂട്ടിച്ചു. പാനൂർ പൂക്കോം റോഡിലെ സഫ്രാൻ മന്തി ഹോട്ടലാണ് അടച്ചുപൂട്ടിയത്.
ഇന്നലെ വൈകിട്ട് ഇവിടെ നിന്ന് കുഴിമന്തി കഴിച്ച വിദ്യാർത്ഥികൾക്ക് ഉടൻ തന്നെ ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടർന്ന് ഇവർ പാനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകി. പിന്നാലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ പരിശോധന നടത്തി, വിശദ പരിശോധനയ്ക്കായി സ്ഥാപനം അടച്ചുപൂട്ടാൻ നിർദ്ദേശിക്കുകയായിരുന്നു.
ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനാ ഫലം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർത്ഥികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.





