കോട്ടയം: 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയം നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ വൻ വിജയം നേടി. 35,986 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹത്തിന്റെ ജയം. തിരുവഞ്ചൂർ രാധാകൃഷ്ണൻ 68,893 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. കെ. അനിൽ കുമാർ 32,907 വോട്ടുകളും എൻഡിഎ സ്ഥാനാർഥി പി. അനിൽ കുമാർ 9,726 വോട്ടുകളും നേടി.
മധ്യകേരളത്തിലെ നിർണായക മണ്ഡലമായ കോട്ടയം ഇത്തവണയും ആവേശകരമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്. മുൻ ആഭ്യന്തര മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതോടെ പാർട്ടിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. മറുവശത്ത് സിപിഎം നേതാവായ അഡ്വ. കെ. അനിൽ കുമാറായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസിന് നൽകിയ സീറ്റിൽ പി. അനിൽ കുമാർ എൻഡിഎ സ്ഥാനാർഥിയായി രംഗത്തിറങ്ങി. ഇതോടെ മണ്ഡലത്തിൽ യുഡിഎഫ്–എൽഡിഎഫ് നേരിട്ടുള്ള പോരാട്ടത്തിന്റെ സ്വഭാവം ശക്തമായി.
2021ലെ തെരഞ്ഞെടുപ്പിലും തിരുവഞ്ചൂർ രാധാകൃഷ്ണനും കെ. അനിൽ കുമാറും തമ്മിലായിരുന്നു മത്സരം. അന്ന് 18,743 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ചിരുന്നു. 2011 മുതൽ തുടർച്ചയായി കോട്ടയം മണ്ഡലത്തെ പ്രതിനിധീകരിച്ചുവരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, മൂന്നു ടേമുകളിലും വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച പശ്ചാത്തലത്തിലാണ് ഇത്തവണയും മത്സരിച്ചത്.
മണ്ഡലം രൂപീകരിച്ചതിന് ശേഷം ഇടതും വലതും മുന്നണികൾ മാറിമാറി വിജയിച്ചിരുന്നെങ്കിലും 2011 മുതൽ കോട്ടയം യുഡിഎഫിന്റെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. അതിനാൽ തന്നെ ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാനുള്ള എൽഡിഎഫിന്റെ ശ്രമം വലിയ വെല്ലുവിളിയായിരുന്നു.




