ന്യൂഡൽഹി: അസംസ്കൃത എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിലും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന നിർദേശം പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പെട്രോൾ, ഡീസൽ, ഏവിയേഷൻ ടർബൈൻ ഫ്യൂവൽ (എടിഎഫ്) വിൽപ്പനയിൽ ഉണ്ടായ നഷ്ടം നികത്താൻ പ്രത്യേക പാക്കേജ് നിലവിൽ ആലോചനയിലില്ലെന്നാണ് പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം അറിയിച്ചത്.
കഴിഞ്ഞ രണ്ട് മാസമായി ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില ഉയർന്നിട്ടും, രാജ്യത്ത് പെട്രോൾ-ഡീസൽ ചില്ലറവിലയിൽ മാറ്റമില്ലാതിരുന്നത് പൊതുമേഖലാ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയ്ക്ക് സാമ്പത്തിക സമ്മർദം സൃഷ്ടിച്ചിട്ടുണ്ട്. ഓരോ ലിറ്ററിലും 25 മുതൽ 28 രൂപ വരെ നഷ്ടം നേരിടുന്നതായാണ് വിലയിരുത്തൽ.
എടിഎഫ് വില ആഭ്യന്തര വിമാനക്കമ്പനികൾക്കായി കഴിഞ്ഞ മാസം 25 ശതമാനം വർധിപ്പിച്ചെങ്കിലും നഷ്ടം പൂർണമായി പരിഹരിക്കാനായിട്ടില്ല. വിദേശ വിമാനക്കമ്പനികൾക്ക് നൽകുന്ന ഇന്ധനത്തിന് 5 ശതമാനത്തിലധികം വില വർധനവ് വരുത്തിയിട്ടുണ്ട്. മാർച്ച് 7ന് ഗാർഹിക എൽപിജി സിലിണ്ടറിന് 60 രൂപ വർധിപ്പിച്ചിരുന്നെങ്കിലും അതും മതിയായ പരിഹാരമല്ലെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.
മുമ്പ് എൽപിജി അണ്ടർ-റിക്കവറി നികത്താൻ സർക്കാർ സബ്‌സിഡി നൽകിയിരുന്നെങ്കിലും, നിലവിൽ പുതിയ സാമ്പത്തിക പിന്തുണാ പദ്ധതികൾ ആലോചിക്കുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനവില വർധനവിന് സാധ്യതയുണ്ടെന്ന സൂചനകളും നിലനിൽക്കുന്നു.






