ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന എല്ലാ കപ്പലുകൾക്കും തങ്ങളുടെ അനുമതി നിർബന്ധമാണെന്ന് ഇറാൻ. അന്താരാഷ്ട്ര ചരക്കുനീക്കത്തിന് പ്രധാനപ്പെട്ട ഈ കടൽപാതയിൽ നിയന്ത്രണം ശക്തമാക്കുന്നതിനായാണ് ഈ നീക്കം. ഇറാനിയൻ നാവികസേനയുമായി മുൻകൂട്ടി ഏകോപനം നടത്തണമെന്നും, ഇല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. അതേസമയം, സിവിലിയൻ ബോട്ടുകൾക്കെതിരെയാണ് യുഎസ് ആക്രമണം നടത്തിയതെന്ന് ഇറാൻ ആരോപിച്ചു.
ഹോർമുസ് കടലിടുക്കിൽ ഇറാനിയൻ സൈനിക ബോട്ടുകൾ തകർത്തതായി അമേരിക്കൻ സൈന്യം പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ഇറാൻ തള്ളി. സൈനിക ബോട്ടുകൾ അല്ല, സാധാരണ ചരക്കു ബോട്ടുകളെയാണ് ആക്രമിച്ചതെന്നും, ഇതിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായും ഇറാൻ വ്യക്തമാക്കി.
മേഖലയിലെ സംഘർഷത്തിൽ സൗദി അറേബ്യ ആശങ്ക രേഖപ്പെടുത്തി. സൈനിക നടപടികൾ സമാധാനത്തിന് ഭീഷണിയാണെന്നും പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും സൗദി ഭരണകൂടം ആവശ്യപ്പെട്ടു. എല്ലാ പക്ഷങ്ങളും സംയമനം പാലിക്കണമെന്നും സൗദി അഭ്യർത്ഥിച്ചു.






